Sorry, you need to enable JavaScript to visit this website.

മെഹുല്‍ ചോക്‌സി പഞ്ചാബ് ആന്റ് സിന്ധ് ബാങ്കിനേയും പറ്റിച്ചു; തട്ടിയത് 44 കോടി

മുംബൈ- പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,000 കോടി രൂപ വെട്ടിച്ച് രാജ്യം വിട്ട വജ്ര വ്യവസായി മെഹുല്‍ ചോക്‌സി മറ്റൊരു പൊതുമേഖലാ ബാങ്കായ പഞ്ചാബ് ആന്റ് സിന്ധ് ബാങ്കിനേയും പറ്റിച്ച് പണം തട്ടിയതായി റിപോര്‍ട്ട്. ചോക്‌സി 44.1 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതായി ബാങ്ക് വെളിപ്പെടുത്തി. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസിൽ നിയമ നടപടികളില്‍ നിന്നും രക്ഷപ്പെടാനായി ഇന്ത്യയില്‍ നിന്നു മുങ്ങി കരീബിയന്‍ രാജ്യമായ ആന്റിഗ്വ ആന്റ് ബാര്‍ബഡോസില്‍ പൗരത്വം നേടിയ ചോക്‌സിയുടെ തട്ടിപ്പ് പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് ആദ്യമായാണ് പുറത്തു വിടുന്നത്. ചോക്‌സിയെ വായ്പാ തിരച്ചടവില്‍ മനപ്പൂര്‍വം വീഴ്ച വരുത്തിയവരുടെ കുട്ടത്തില്‍ ഉള്‍പ്പെടുത്തിയ ബാങ്ക് പണം വീണ്ടെടുക്കല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ചോക്‌സിയുടെ കമ്പനിയായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ പേരിലാണ് വായ്പ എടുത്തിട്ടുള്ളത്. ഈ വായ്പ്പയ്ക്ക് ജാമ്യം നിന്നിട്ടുള്ളത് കമ്പനി ഡയറക്ടര്‍ കൂടിയായ ചോക്‌സിയാണ്.

പണം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31നാണ് ചോക്‌സിയുടെ വായ്പാതുക കിട്ടാക്കടമായി പഞ്ചാബ് സിന്ധ് ബാങ്ക് പ്രഖ്യാപിച്ചത്. എന്നാല്‍ ഫെബ്രുവരിയില്‍ തന്നെ ചോക്‌സിയും കുടുംബവും രാജ്യം വിടുകയാണുണ്ടായത്. വായ്പാ തുകയും പലിശയും മറ്റു ചെലവുകളുമടക്കം തിരിച്ചടക്കാന്‍ ബാങ്ക് ചോക്‌സിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഇതിനു തയാറായിട്ടില്ല.
 

Latest News