ഭോപ്പാല്‍- എല്ലാവരുടേയും വീട്ടില്‍ ടോയ്‌ലറ്റ് ഉണ്ടോ എന്ന കാര്യം ഉറപ്പിക്കുന്നതിന് വേണ്ടി പുതിയ തന്ത്രവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. വരന്റെ വീട്ടില്‍ ടോയ്‌ലറ്റ് ഉണ്ടെന്ന് വധു തെളിയിച്ചാല്‍ മാത്രമേ ഇനി മുതല്‍ വിവാഹ ധനസഹായം നല്‍കൂ എന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പറയുന്നത്. അതായത് വരന്‍ ടോയ്‌ലറ്റ് സെല്‍ഫി അയച്ചാല്‍ മാത്രമേ വധുവിന് മുഖ്യമന്ത്രിയുടെ വിവാഹ ധനസഹായമായ 51,000 രൂപ ലഭിക്കുകയുള്ളൂ എന്നതാണ് പുതിയ നിര്‍ദ്ദേശത്തിന്റെ പ്രത്യേകത.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള പദ്ധതിയായ മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാറിന്റ മുഖ്യമന്ത്രി കന്യാവിവാഹ്/ നിക്കാഹ് സ്‌കീമിലാണ് ഈ നിര്‍ദ്ദേശമുള്ളത്.
ഇക്കാര്യത്തില്‍ വ്യക്തത വരുത്തുവാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വരന്റെ വീട്ടില്‍ പോയി സെല്‍ഫിയില്‍ കാണിച്ചിരിക്കുന്ന സൗകര്യങ്ങള്‍ ഉണ്ടോ എന്ന് സ്ഥിരീകരിക്കും. എല്ലാ വീടുകളിലും ടോയ്‌ലറ്റ് ഉണ്ടെന്ന കാര്യം ഉറപ്പിക്കാനാണ് ഈ നിര്‍ദ്ദേശമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തവമാക്കുന്നത്. ഗ്രാമീണമേഖലകളില്‍ മാത്രമല്ല ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും ഈ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.