Sorry, you need to enable JavaScript to visit this website.

അബി അഹ്മദ്: വെള്ളവും വെളിച്ചവുമില്ലാത്ത വീട്ടിൽ നിന്ന് സമാധാന നൊബേൽ നേട്ടം വരെ 

ദരിദ്ര മാതാപിതാക്കളുടെ മകൻ, ഏഴാം ക്ലാസിലെത്തും വരെ വളർന്നത് വെള്ളവും വെളിച്ചവുമില്ലാത്ത വീട്ടിൽ... പ്രതികൂല സാഹചര്യങ്ങളെ അതിജയിച്ച് ജീവിതത്തോട് പടവെട്ടി മുന്നേറി രാജ്യത്തലവൻ വരെ ആയ എത്യോപ്യ
പ്രധാനമന്ത്രി അബി അഹ്മദിന് ഇന്ന് ഒരു ആഗോള നേട്ടം കൂടി കൈവന്നിരിക്കുന്നു. സമാധാനത്തിനുള്ള നൊബേൽ പുരസ്‌ക്കാരം. അയൽരാജ്യമായ എരിത്രിയയുമായി വർഷങ്ങളായി നിലനിൽക്കുന്ന വംശീയതയെ ചൊല്ലിയുള്ള കലഹത്തിന്റേയും അതിർത്തി തർക്കത്തിന്റേയും മുറിവുണക്കാൻ നടത്തിയ ഇടപെടലുകളും  ആഫ്രിക്കയിലെ ഏറ്റവും വേഗമേറിയ വളർച്ചയുള്ള സമ്പദ് വ്യവസ്ഥയായ എത്യോപ്യയിൽ സാമൂഹിക മാറ്റത്തിനു വഴിയൊരുക്കിയതുമാണ് അബി അഹമദിനെ ആഗോല ശ്രദ്ധയിലെത്തിച്ചത്.

43കാരനായ അബി 2018 ഏപ്രിലിലാണ് പ്രധാനമന്ത്രിയായത്. അന്നു മുതൽ വളരെ ആവേശത്തോടെയാണ് രാജ്യത്ത് പുതിയ മാറ്റങ്ങൾക്കായി നിലകൊള്ളുന്നത്. സ്ഥാനമേറ്റ് ആറു മാസത്തിനുള്ളിൽ തന്നെ ബദ്ധശത്രുവെന്ന് കരുതപ്പെട്ടിരുന്ന എരിത്രിയയുമായി ഒരു സമാധാന കരാറുണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. വിമതരെ ജയിൽ മോചിതരാക്കി. ഭരണകൂടം നടത്തിയ ക്രൂരതകൾക്ക് മാപ്പു ചോദിച്ചു. തീവ്രവാദികളെന്ന് മുദ്രകുത്തിയതിനെ തുടർന്ന് രാജ്യം വിടേണ്ടി വന്ന സായുധ സംഘങ്ങളെ തിരികെ സ്വാഗതം ചെയ്തു. വളരെ വേഗത്തിലായിരുന്നു അബി അഹ്മദിന്റെ നടപടികളോരോന്നും. അടുത്ത മേയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കൊപ്പം പുതിയ സാമ്പത്തിക നയങ്ങളും ഈയടുത്തായി അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി.

പടിഞ്ഞാറൻ നഗരമായ ബെഷാഷയിൽ മുസ്ലിം പിതാവിന്റേയും ക്രിസ്ത്യൻ മാതാവിന്റെയും മകനായാണ് അബിയുടെ ജനനം. വൈദ്യുതിയും വെള്ളവും ഇല്ലാത്ത വീട്ടിലെ തറയിൽ ഉറങ്ങിയാണ് ബാല്യം കടന്നത്. അക്കാലത്ത് വെള്ളം തൊട്ടടുത്ത പുഴയിൽ നിന്നാണ് ശേഖരിച്ചിരുന്നതെന്ന് ഈയിടെ ഒരു റേഡിയോ അഭിമുഖത്തിൽ അബി പറഞ്ഞിരുന്നു. ഏഴാം ക്ലാസിലെത്തുന്നതു വരെ നല്ലൊരു റോഡും വൈദ്യുതിയും കണ്ടിട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഈ പശ്ചാത്തലമാണെങ്കിലും അബിയുടെ വളർച്ച ആരേയും പ്രചോദിപ്പിക്കുന്നതാണ്. ഭരണകക്ഷിയായ എത്യോപ്യൻ പീപ്പിൾസ് റെവലൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് സഖ്യം ഉണ്ടാക്കിയ അധികാര ഘടനയിൽ അതിവേഗത്തിലാണ് അബി ഉന്നതങ്ങളിലെത്തിയത്. ടെക്‌നോളജിയിൽ അകൃഷ്ടനായ അബി സൈന്യത്തിൽ റേഡിയോ ഓപറേറ്ററായി ചേർന്നു. സർക്കാരിന്റെ ഭാഗമാകുന്നതിനു മുമ്പ് ലഫ്റ്റനന്റ് കേണൽ പദവി വരെ ഉയർന്നു. സുരക്ഷാ മേധാവിയായാണ് തുടക്കം. എത്തിയോപ്യയുടെ സൈബർ ചാര സംഘടനയായ ഇൻഫർമേഷൻ നെറ്റ്വർക്ക് സെക്യൂരിറ്റി ഏജൻസിയുടെ പ്രഥമ തലവനായി. പിന്നീട് തലസ്ഥാനമായ അഡിസ് അബാബയിൽ ഒരു മന്ത്രിയും സ്വന്തം പ്രദേശമായ ഒറോമിയയിലെ പാർട്ടി നേതാവുമായി.

2015ലാണ് അബിയുടെ കരിയറിൽ നിർണായകമായ കുതിച്ചു ചാട്ടമുണ്ടാക്കിയ മാറ്റങ്ങളുണ്ടായത്. തലസ്ഥാന ഭരണ മേഖലയുടെ അതിർത്തിയിൽ ഒറോമിയയെ കൂടി സർക്കാർഉൾപ്പെടുത്തിയതോടെയായിരുന്നു അത്. ഇതിനെതിരെ എത്തിയോപ്യയുടെ ഏറ്റവും വലിയ വംശജരായ ഒറോമോകളും അംഹാറകളും വലിയ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ കലഹമായി. ഭരണകൂടത്തിന്റെ സ്ഥിരം തന്ത്രമായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അങ്ങനെ പ്രക്ഷോഭം അടിച്ചമർത്താനായെങ്കിലും പ്രശ്‌നംപരിഹരിക്കാതെ കിടന്നു. 

ഇതിനിടെ പ്രധാനമന്ത്രി ഹയ്‌ലെമറിയം ദസാലഗൻ പൊടുന്നനെ രാജിവച്ചത് സർക്കാരിൽ അധികാര വടംവലിയുണ്ടെന്ന് സംശയവും വലിയൊരു വിടവും സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ് ഭരണസഖ്യത്തിൽ കക്ഷികൾ ചേർന്ന് അബിയെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. ഒറോമോ വംശജനായ അദ്യ പ്രധാനമന്ത്രിയാണ് അബി. ഈ സാഹചര്യത്തിൽ ഭരണസഖ്യത്തെ രക്ഷിക്കാൻ പ്രാപ്തനായ ഒരേ ആൾ അബി മാത്രമായിരുന്നുവെന്ന് മാധ്യമപ്രവർത്തകനായ മുഹമ്മദ് അദെമോ പറയുന്നു. 

തുടക്കം തൊട്ടുതന്നെ കുറഞ്ഞ സമയത്തിൽ കുറെ കാര്യങ്ങൾ ചെയ്യുന്നതിൽ അബി വിമർശനം ക്ഷണിച്ചുവരുത്തി. എന്നാൽ അദ്ദേഹത്തിന്റെ സമാധാന ശ്രമങ്ങൾ ലോകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എരിത്രിയയുമായി സമാധാന നീക്കമുണ്ടാക്കിയതിനു പുറമെ സുഡാനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലും നിർണായക പങ്ക് അബി വഹിച്ചു. ഈ ശ്രമങ്ങളും പദ്ധതികളുമെല്ലാം അന്തിമമായി വിജയം കണ്ടുവോ എന്നത് തുറന്ന ഒരു ചോദ്യമായി തന്നെ അവശേഷിക്കുകയാണ്. അബിയുടെ വലിയ നേട്ടമായി പറയുന്ന എരിത്രിയ കരാറിൽ പോലും സ്പഷ്ടമായ ഒരു പുരോഗതി ഉണ്ടായിട്ടില്ല. അതിർത്തി പുനർനിണയം അടക്കമുള്ള വിഷയങ്ങൾ ബാക്കിയാണ്.

വിദേശ നയത്തിന്റെ കാര്യത്തിൽ അബിയുടെ നീക്കങ്ങൾ വലിയ വിജയമാണെങ്കിലും വടക്കു കിഴക്കൻ ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റേത് വഴിതെറ്റിയ ശുഭാപ്തി വിശ്വാസമാണെന്ന് അമേരിക്കൻ സൈപ്രസ്‌ ഇൻസ്റ്റിറ്റിയൂട്ടിലെ കിഴക്കൻ ആഫ്രിക്ക വിദഗ്ധനായ ജെയിംസ് ബർനെറ്റ് പറയുന്നു. 

ഏതായാലും അബിക്ക് ഇനി കൂടുതൽ ആഭ്യന്തര രംഗത്ത് ശ്രദ്ധപതിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. മേയിൽ നല്ല രീതിയിൽ തെരഞ്ഞെടുപ്പു നടത്തണം. സുരക്ഷാ ഭീഷണികളെ അതിജീവിക്കണം. വംശീയ സംഘർഷങ്ങൾ ഈയിടെയായി വർധിച്ചിട്ടുണ്ട്. ജൂണിൽ ഉന്നത നേതാക്കളേയും സൈനിക മേധാവിയേയും തോക്കുധാരി വെടിവച്ചു കൊന്ന സംഭവവും അബിക്ക് വലിയ ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും കാര്യങ്ങളെല്ലാം നിയന്ത്രണത്തിലാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. പലശ്രമങ്ങളും നടന്നിട്ടുണ്ടെങ്കിലും മരണം എന്നിൽ നിന്നും ഒഴിഞ്ഞു മാറുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
 

Latest News