ചെന്നൈ-ഇളയ ദളപതി വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ സാമി. ആരാധകര്‍ക്ക് കൈ കൊടുത്ത ശേഷം ഡെറ്റോള്‍ ഉപയോഗിച്ച് വിജയ് കൈ കഴുകാറുണ്ടെന്നാണ് സാമിയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും ജീവിതത്തില്‍ വിജയ് നല്ലൊരു നടനാണെന്നും സാമി പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോയിലാണ് സാമിയുടെ ഈ വിവാദ പ്രതികരണം. ബിഗില്‍ ഓഡിയോ ലോഞ്ചിനിടെ വിജയ് സംസാരിച്ച കാര്യങ്ങള്‍ക്കെതിരേയും സാമി തുറന്നടിച്ചു. രജനികാന്തിനെപ്പോലെ അഭിനയിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും ദയവ് ചെയ്ത് വാ തുറക്കരുതെന്നും സാമി പറയുന്നു.
'നിങ്ങള്‍ ജീവിതത്തില്‍ വലിയ നടനാണ്. നിങ്ങള്‍ ആരാധകര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ നിന്നുകൊടുക്കും, ആരാധകരാണ് തന്റെ നെഞ്ചില്‍ കുടിയിരിക്കുന്ന ദൈവങ്ങളെന്ന് പറയും. എന്നാല്‍ ആരാധകര്‍ക്കൊപ്പം നിന്ന് ഫോട്ടോയും എടുത്ത് കൈയ്യും കൊടുത്തതിന് ശേഷം നിങ്ങള്‍ അകത്തുചെന്ന് ഡെറ്റോള്‍ ഉപയോഗിച്ച് കൈ കഴുകുന്നത് ഞാന്‍ കണ്ടിട്ടുളളതാണ്. ഇതാണ് നിങ്ങളുടെ യഥാര്‍ഥ അഭിനയം.
എന്ത് അടിസ്ഥാനത്തിലാണ് നിങ്ങള്‍ 50 കോടി രൂപ പ്രതിഫലം വാങ്ങുന്നതെന്ന് എനിക്ക് അറിയില്ല. 60 ദിവസം അഭിനയിക്കുന്നു. 50 കോടി ശമ്പളം മേടിക്കുന്നു. എല്ലാം ബ്ലാക്ക് മണിയായി സൂക്ഷിക്കുന്നു. ഇതില്‍ എവിടെയാണ് ന•യുള്ളത്, സത്യതസന്ധത ഉള്ളത്. പിന്നെന്തിനാണ് സ്‌റ്റേജില്‍ കയറി നിങ്ങള്‍ കള്ളങ്ങള്‍ പറയുന്നത്, ഉപദേശങ്ങള്‍ നല്‍കുന്നത്. ഏത്രകാലം നിങ്ങള്‍ക്ക് തമിഴരെ പറ്റിക്കാന്‍ കഴിയും. അഭിനയിക്കുന്നത് വിടൂ…ദയവ് ചെയ്ത സ്‌റ്റേജില്‍ എത്തി ആളുകളെ പറ്റിക്കരുത്.'വീഡിയോയില്‍ സാമി പറയുന്നു. സാമിയുടെ വീഡിയോയ്‌ക്കെതിരേ ആരാധകരുടെ പ്രതിഷേധം ഉയരുന്നുണ്ട്. ഇത് താരത്തെ താറടിക്കാനുള്ള മനഃപൂര്‍വ്വമുള്ള ശ്രമം ആണെന്നും സിനിമയൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ വിവാദമുണ്ടാക്കി ശ്രദ്ധ നേടാനുള്ള ശ്രമമാണെന്നും ആരാധകര്‍ പറയുന്നു.ഇറോട്ടിക് വിഭാഗത്തില്‍ പെടുന്ന വിവാദ ചിത്രങ്ങളായ ഉയിര്‍, സിന്ധു സമവേലി, മിറുഗം, കങ്കാരൂ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സാമി.