Sorry, you need to enable JavaScript to visit this website.

കശ്മീരിനെ തൊടരുത്; മലേഷ്യക്ക് ഇറക്കുമതി വിലക്കുമായി ഇന്ത്യ

ന്യൂദൽഹി- കശ്മീർ വിഷയത്തിൽ ഇന്ത്യൻ നിലപാടിനെ വിമർശിച്ചതിന് മലേഷ്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഇറക്കുമതി നിരോധനം ഏർപ്പെടുത്തിയേക്കുമെന്ന് വാർത്ത.  പാം ഓയിൽ അടക്കമുള്ള വസ്തുക്കളുടെ ഇറക്കുമതി നിരോധിക്കാനാണ് നീക്കം നടക്കുന്നതെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. വ്യവസായ വാണിജ്യ മന്ത്രാലയം ഇത് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുകയാണെന്നാണ് വാർത്ത. കശ്മീർ ഇന്ത്യ കയ്യേറിയതാണെന്നും പാക്കിസ്ഥാനുമായി ചേർന്ന് പ്രശ്‌നം പരിഹരിക്കണമെന്നും മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് കഴിഞ്ഞ മാസം യു.എന്നിൽ പ്രസംഗിച്ചിരുന്നു. ഇതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രാലയം തയ്യാറായില്ല. ഇന്ത്യയിൽനിന്ന് ഇത്തരത്തിലുള്ള സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് പറഞ്ഞു. മലേഷ്യയിൽനിന്നുള്ള ഇറക്കുമതി നിരോധിച്ചാൽ ഇന്ത്യൻ മാർക്കറ്റിൽ ഭക്ഷ്യ എണ്ണക്ക് ദൗർബല്യം അനുഭവിക്കുമെന്ന് ഇന്ത്യൻ എണ്ണ വിതരണക്കാർ മുന്നറിയിപ്പ് നൽകുന്നു. 
അതേസമയം, തുർക്കിയിൽനിന്നുള്ള ചില ഉൽപ്പന്നങ്ങൾക്കും ഇറക്കുമതി നിരോധനം ഏർപ്പെടുത്തിയേക്കുമെന്നും വാർത്തകളുണ്ട്. കശ്മീർ വിഷയത്തിൽ മലേഷ്യക്ക് സമാനമായ നിലപാടാണ് യു.എന്നിൽ തുർക്കിയും സ്വീകരിച്ചത്.
 

Latest News