കൊച്ചി- തൊണ്ണൂറുകളില്‍ മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ നായികയായി തിളങ്ങിയ നടിയാണ് സുചിത്ര. ബാലതാരമായി തുടങ്ങിയ നടി നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. വിവാഹശേഷം സിനിമ വിട്ട നടി അമേരിക്കയിലാണ് താമസിക്കുന്നത്. സിനിമയിലേക്ക് തിരിച്ചു വരുന്നുവെങ്കില്‍ നന്നായി ആലോചിച്ച ശേഷമേ ആ തീരുമാനമെടുക്കു എന്നാണ് സുചിത്ര പറയുന്നത്.
'മലയാളസിനിമയില്‍ ഇപ്പോള്‍ വലിയ മത്സരമാണ്. ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്. അതുകൊണ്ട് ആലോചിച്ചേ റീ എന്‍ട്രി തിരഞ്ഞെടുക്കൂ. എന്റെ സഹോദരന്‍ ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാനിരുന്നതാണ്. പക്ഷേ, നടന്നില്ല. ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ഇപ്പോഴും തോന്നും, അതുഞാന്‍ ചെയ്യേണ്ടിയിരുന്നതാണല്ലോ എന്ന്.' വനിതയുമായുള്ള അഭിമുഖത്തില്‍ സുചിത്രം പറഞ്ഞു.
മീ ടൂ അനുഭവങ്ങള്‍ കരിയറില്‍ ഉണ്ടായിട്ടില്ലെന്നും സുചിത്ര പറഞ്ഞു. 'സിനിമാ പ്രവര്‍ത്തകര്‍ കൂടെയുണ്ടെങ്കില്‍ എനിക്ക് വലിയ സുരക്ഷിതത്വബോധവുമായിരുന്നു. നമ്മളെ സംരക്ഷിക്കാന്‍ അവര്‍ കൂടെ ഉണ്ടെന്ന വിശ്വാസം. യാത്രകളില്‍ പോലും സഹതാരങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ വല്ലാത്തൊരു ധൈര്യമാണ്.' സുചിത്ര പറഞ്ഞു.
വിവാഹാലോചന വരുമ്പോള്‍ മുരളി ഡല്‍ഹിയില്‍ ജെറ്റ് എയര്‍വെയ്‌സില്‍ പൈലറ്റായിരുന്നു. പിന്നീട് അമേരിക്കന്‍ എയര്‍ലൈന്‍സിലേക്കു മാറി. മുരളി ജോലിക്കു പോയാല്‍ ഒരു മാസം കഴിഞ്ഞേ വരൂ. അത്രയും നാള്‍ ഞാന്‍ ഒറ്റപ്പെടും, പരിചയമുള്ള ആരുമില്ല ചുറ്റും. ആറു മാസം ആ വേദന അനുഭവിച്ചു. അങ്ങനെയിരിക്കെ പൈലറ്റ് ജോലി ഉപേക്ഷിക്കാമോ എന്നു ഞാന്‍ മുരളിയോടു ചോദിച്ചു. എന്റെ വിഷമം കണ്ടിട്ടാകണം അദ്ദേഹം സമ്മതിച്ചു.
സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറിംഗ് പഠിച്ച മുരളിക്ക് ഐടി മേഖലയിലേയ്ക്ക് മാറിയപ്പോള്‍ പഠനം തുടരുകയും തുടര്‍ന്ന് റോബട്ടിക് പ്രോസസ് ഓട്ടോമേഷന്‍ ഫീല്‍ഡില്‍ ജോലിയും കിട്ടി. മോളുണ്ടായപ്പോള്‍ ബ്രേക്ക് എടുത്തെങ്കിലും അവള്‍ വളര്‍ന്നതോടെ വീണ്ടും ജോലിക്കു പോയി തുടങ്ങി. പിന്നീട് ഡാലസിലേക്ക് താമസം മാറിയെന്നും സുചിത്ര പറഞ്ഞു. അക്കാലത്ത് സിനിമയില്‍ നിന്ന് കുറേ ഓഫറുകള്‍ വന്നെങ്കിലും പഠനത്തിരക്കില്‍ അവയെല്ലാം ഒഴിവാക്കുകയായിരുന്നുവെന്ന് സുചിത്ര പറയുന്നു.