Sorry, you need to enable JavaScript to visit this website.

കയറ്റുമതി ഓർഡറുകൾ തേയില ലേലത്തിൽ വിലക്കയറ്റം സൃഷ്ടിച്ചു

ശൈത്യകാല ആവശ്യങ്ങൾക്കായി തേയില ശേഖരിക്കാൻ വിവിധ ഇറക്കുമതി രാജ്യങ്ങൾ ദക്ഷിണേന്ത്യൻ ലേല കേന്ദ്രങ്ങളിൽ. റഷ്യയിൽ നിന്നും സി ഐ എസ് രാജ്യങ്ങളിൽ നിന്നും പുതിയ ഓർഡറുകൾ എത്തിയതോടെ കൊച്ചി ലേലത്തിൽ ഇല തേയില വിഭാഗത്തിൽ ഓർത്തഡോക്‌സിന് കിലോ അഞ്ച് മുതൽ 10 രൂപ വരെ ഉയർന്നു. സി റ്റി സി പൊടി ഇനങ്ങളുടെ വില മൂന്ന് രൂപ വരെ കയറി. പൊടി തേയില വില കിലോ 165 രൂപ വരെ എത്തി. മികച്ചയിനങ്ങൾ കിലോ 276 രൂപയിൽ ലേലം നടന്നു. ഓർത്തഡോക്‌സ് ലേലത്തിൽ ശരാശരി ഇനങ്ങൾ 141 ൽ നിന്ന് 157 വരെ മുന്നേറി. ശൈത്യകാല ആവശ്യങ്ങൾ മുൻ നിർത്തി റഷ്യയിൽ നിന്ന് ദക്ഷിണേന്ത്യൻ തേയിലയ്ക്ക് കൂടുതൽ ഓർഡറുകൾ പ്രതീക്ഷിക്കുന്നു. 
കാപ്പി കയറ്റുമതിക്ക് തുടർച്ചയായ രണ്ടാം വർഷവും തിരിച്ചടി. മികച്ചയിനങ്ങളുടെ ലഭ്യത വിപണിയുടെ പ്രതീക്ഷക്ക് ഒത്ത് ഉയരുന്നില്ല. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കാപ്പി പിൻതള്ളുമ്പോൾ വിയറ്റ്‌നാം കൂടുതൽ മുന്നേറി. ആഗോള വിപണിയിൽ ഇന്ത്യൻ കാപ്പിയുടെ സ്ഥാനം ഏറെ പിന്നിലാണെങ്കിലും യൂറോപ്യൻ കയറ്റുമതി ചുരുങ്ങുന്നത് കേരളത്തിലെയും കർണാടകത്തിലെയും കാപ്പി കർഷകർക്ക് തിരിച്ചടിയാവും. 
ആഗോള തലത്തിൽ ടയർ വ്യവസായികൾ റബർ വില ഇടിച്ചു. ഏഷ്യയിൽ ടാപ്പിങ് സീസണായതിനാൽ ഉൽപാദന രാജ്യങ്ങളിൽ ഷീറ്റ് ലഭ്യത ഉയർന്നപ്പോഴാണ് വ്യവസായികൾ നിരക്ക് താഴ്ത്തിയത്. ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് പതിനായിരം രൂപയിലെ നിർണായക താങ്ങ് നിലനിർത്തി വാരാന്ത്യം 10,026 രൂപയിലാണ്. ഇതിന്റെ ചുവട് പിടിച്ച് ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്‌നാം വിപണികളിലും റബർ വില കുറഞ്ഞു. ടോക്കോം എക്‌സ്‌ചേഞ്ചിൽ റബർ വിൽപ്പന സമ്മർദ്ദത്തിലാണ്. ഒക്‌ടോബർ അവധി 149 യെന്നിലാണ്. സാങ്കേതമായി വീക്ഷിച്ചാൽ 146 യെന്നിലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ റബർ വില 132 യെൻ വരെ ഇടിയാം.   
സെപ്റ്റംബർ രണ്ടാം പകുതിയിൽ സംസ്ഥാനത്ത് റബർ ഉൽപാദനം ഉയർന്നു. റബർ ഷീറ്റും ലാറ്റക്‌സും പിന്നിട്ടവാരം കുടുതലായി വിൽപ്പനക്കെത്തി. ചെറുകിട വിപണികളിൽ വരവ് ഉയർന്നതും വിദേശത്തെ തളർച്ചയും മറയാക്കി ടയർ നാലാം ഗ്രേഡ് ഷീറ്റ് വില 12,500 രൂപയിൽ നിന്ന് 12,000 ലേയ്ക്ക് ഇടിച്ചു. അഞ്ചാം ഗ്രേഡ് റബറിന് 500 രൂപ കുറഞ്ഞ് 11,900 രൂപയായി വില തകർച്ചയിൽ പരിഭ്രാന്തരായി ഒരു വിഭാഗം ചെറുകിട കർഷകർ ചരക്ക് വിറ്റുമാറി. ഉൽപാദന മേഖലയിലെ ഈ പ്രതിഭാസം വാങ്ങലുകാരെ വില ഇടിക്കാൻ പ്രേരിപ്പിച്ചു. 
തെക്കൻ കേരളത്തിലെ കുരുമുളക് കർഷകർ മുപ്പ് കുറഞ്ഞ മുളക് വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ്. ഒലിയോറസിൻ  നിർമാതാക്കളാണ് മൂപ്പ് കുറഞ്ഞ ചരക്ക് ശേഖരിക്കുക. ഒലിയോറസിൻ വ്യവസായികൾ എണ്ണയുടെ അംശം ഉയർന്ന തെക്കൻ കുരുമുളക് വില ഉയർത്തി സംഭരിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മൂപ്പ് കുറഞ്ഞ മുളക് അച്ചാർ നിർമാതാക്കളും വാങ്ങും. പ്രതികൂല കാലാവസ്ഥ മൂലം ഇക്കുറിയും ഉൽപാദനം കുറവാണ്. വ്യവസായികൾ ശ്രീലങ്കൻ മുളക് സംഭരിക്കുന്നുണ്ട്. വില കുറവാണ് ഇറക്കുമതിക്ക് വ്യവസായികളെ   പ്രേരിപ്പിക്കുന്നത്. ഉത്സവ ദിനങ്ങളാണെങ്കിലും ഉത്തരേന്ത്യയിൽ നിന്ന് കുരുമുളകിന് അന്വേഷണങ്ങളില്ല. ഇറക്കുമതി ചരക്ക് വൻകിട ഗോഡൗണുകളിൽ കനത്ത തോതിൽ നീക്കിയിരിപ്പുണ്ട്. ദക്ഷിണേന്ത്യൻ കുരുമുളകിന് ഡിമാന്റ് മങ്ങിയതിനാൽ നിരക്ക് കുറഞ്ഞു. അൺ ഗാർബിൾഡ് കുരുമുളക് 32,100 രൂപ. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 5000 ഡോളറാണ്. 
ഏലക്ക വിളവെടുപ്പ് ഊർജിതമായി. ലേലത്തിന് പുതിയ ചരക്ക് വരവ് കണ്ട് നിരക്ക് ഗണ്യമായി ഉയർത്താൻ വാങ്ങലുകാർ തയ്യാറായില്ല. അതേ സമയം ദീപാവലി വരെ ആഭ്യന്തര ഡിമാന്റ് തുടരും. കയറ്റുമതിക്കാരും ഏലക്ക സംഭരിക്കാൻ രംഗത്തുണ്ട്. വാരാന്ത്യം മികച്ചയിനങ്ങൾ കിലോ 3178 രൂപയിലാണ്. 
നാളികേരോൽപ്പന്നങ്ങളുടെ വില വീണ്ടും ഇടിഞ്ഞു. നവരാത്രി വേളയിലും വെളിച്ചെണ്ണയ്ക്ക്  ആവശ്യം ഉയർന്നില്ല. കൊച്ചിയിൽ എണ്ണ വില 14,800 ലും കൊപ്ര 9910 രൂപയിലുമാണ്. മില്ലുകാർ കൊപ്ര സംഭരണം കുറച്ചത് വില തകർച്ച രൂക്ഷമാക്കി. 
സ്വർണ വില ഉയർന്നു. പവൻ 27,920 രൂപയിൽ നിന്ന് 28,200 രൂപയായി. ഗ്രാമിന് വില 3525 രൂപ. ന്യൂയോർക്കിൽ ഔൺസിന് 1486 ഡോളറിൽ നിന്ന് 1504 ഡോളറായി. 


 

Latest News