മുംബൈ- അപകടത്തിൽ മരിച്ച യാചകന്റെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തത് 8.77 ലക്ഷം രൂപ. ഇതിൽ ഒന്നര ലക്ഷം രൂപയും നാണയങ്ങൾ. തെക്കുകിഴക്കൻ മുംബൈയിലെ ചേരിയിൽ താമസിച്ചിരുന്ന ബിർജു ചന്ദ്ര ആസാദിന്റെ വീട്ടിൽനിന്നാണ് ഇത്രയും തുക കണ്ടെടുത്തത്. ആസാദ് കഴിഞ്ഞദിവസം അപകടത്തിൽ മരിച്ചിരുന്നു. ഈ വീട്ടിൽ തനിച്ചായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. വോട്ടർ ഐ.ഡി കാർഡ്, പാൻ കാർഡ്, ആധാർ കാർഡ് എന്നിവയും ഇവിടെനിന്ന് കണ്ടെത്തിയിരുന്നു. പോളിത്തീൻ ബാഗുകളും പഴയ പത്രങ്ങളും കൊണ്ട് നിറഞ്ഞ മുറിയായിരുന്നു ഇത്. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം ആസാദ് അപകടത്തിൽ മരിച്ചത്. ആസാദിന്റെ പണം കൈമാറാൻ ബന്ധുക്കളെ കാത്തിരിക്കുകയാണ് പോലീസ്.