ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയില്‍ ശാസ്ത്രജ്ഞനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം ചെയ്ത് യുവാവ് മുങ്ങിയെന്ന് യുവതിയുടെ പരാതി. നേരത്തെ വിവാഹിതനാണെന്ന കാര്യം മറച്ചു വയ്ക്കുകയും ജോലിയെ കുറിച്ച് വ്യാജ രേഖകള്‍ കാണിച്ച് യുവതിയുടെ കുടുംബത്തെ വിശ്വസിപ്പിച്ചും ദല്‍ഹി ദ്വാരക സ്വദേശി ജിതേന്ദ്ര സിങ് എന്നയാള്‍ തന്നെ വലയിലാക്കുകയായിരുന്നെന്ന് പിഎച്ഡി ഗവേഷകയായ യുവതിയുടെ പരാതിയില്‍ പറയുന്നു.
വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ ഇയാള്‍ തൊഴില്‍രഹിതനാണെന്നും നേരത്തെ മറ്റൊരു വിവാഹം ചെയ്തിട്ടുണ്ടെന്നും യുവതിക്ക് സംശയം ബലപ്പെട്ടിരുന്നു. പിന്നീട് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയിലേക്കു പോകുകയാണെന്ന് പറഞ്ഞ് പോയതായിരുന്നു. സംശയത്തെ തുടര്‍ന്ന് മൊബൈല്‍ ലൊക്കേഷന്‍ അന്വേഷിച്ചതോടെ ഇയാള്‍ ഗുഡ്ഗാവില്‍ തന്നെ ഉണ്ടെന്ന് വ്യക്തമായി. തട്ടിപ്പ് വെളിച്ചത്തായി എന്നറിഞ്ഞതോടെ അവിടെ നിന്നും മുങ്ങിയിരിക്കുകയാണ് പ്രതി. ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തി വരുന്നു.