അഹമ്മദാബാദ്- ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന്റെ പതിമൂന്നാം നിലയില്‍ നിന്ന് ചാടിയ യുവതി പതിച്ചത് വൃദ്ധന്റെ മേല്‍. സംഭവത്തില്‍ രണ്ട് പേരും മരിച്ചു. അഹമ്മദാബാദിലെ അമരൈവാടിയിലാണ് സംഭവം. മംമ്ത ഹന്‍സ് രാജ് രതി(30)യും ബാലു ഗമിതു(69)മാണ് മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള മംമ്തയാണ് പ്രഭാത നടത്തിനിറങ്ങിയ ബാലുവിനു മേല്‍ പതിച്ചത്. രാവിലെയുള്ള പതിവ് നടപ്പിനിടെയാണ് ബാലുവിന്റെ മുകളിലേക്ക് യുവതി വീണത്. വീഴ്ചയില്‍ ബാലുവിന്റെ തലയ്‌ക്കേറ്റ ഗുരുതരപരിക്കിനെ തുടര്‍ന്ന് തല്‍ക്ഷണം മരിക്കുകയായിരുന്നു. മംമ്തയും വീഴ്ചയില്‍ തന്നെ മരിച്ചു.
സൂറത്തിലെ ഭര്‍തൃഗൃഹത്തില്‍ നിന്ന് ചികിത്സയ്ക്കായാണ് മംമ്ത അഹമ്മദാബാദില്‍ താമസിക്കുന്ന മാതാപിതാക്കളുടെ അരികിലെത്തിയത്. കെട്ടിടത്തിന്റെ പതിനാലാം നിലയിലാണ് ഇവര്‍ താമസിക്കുന്നത്. പതിമൂന്നാം നിലയില്‍ താമസിക്കുന്ന സഹോദരന്റെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു മംമ്തയും ഭര്‍ത്താവും രണ്ടു മക്കളും രണ്ടു ദിവസമായി താമസിച്ചു വന്നത്. 2011 ലായിരുന്നു മംമ്ത വിവാഹിതയായത്. ഭര്‍ത്താവ് സൂറത്തില്‍ വസ്ത്രവ്യാപാരിയാണ്.
ഇതേ അപ്പാര്‍ട്ട്‌മെന്റില്‍ തന്നെ രണ്ടാം നിലയിലെ താമസക്കാരനാണ് മരിച്ച ഗമിത്. പ്രഭാത സവാരി കഴിഞ്ഞ് അപ്പാര്‍ട്ട്‌മെന്റിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് ഇയാളുടെ മുകളിലേക്ക് യുവതി വീണത്. ഗമിത് അധ്യാപകനായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.