ന്യൂയോര്‍ക്ക്-നടന്‍ ജയസൂര്യയ്ക്ക് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം. അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ വച്ചു നടത്തിയ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് സിന്‍സിനാറ്റിയിലാണ് 'ഞാന്‍ മേരിക്കുട്ടി' എന്ന ചിത്രത്തിലെ പ്രകടനത്തിന് ജയസൂര്യയെ മികച്ച നടനായി തെരഞ്ഞെടുത്തത്.തെക്കേ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പ്രചോദനമേകുക എന്ന ഉദ്ദേശത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ക്കാണ് മേളയില്‍ മുന്‍തൂക്കം നല്‍കുന്നത്.
ഇന്ത്യയില്‍ നിന്ന് അഞ്ഞൂറോളം സിനിമകളാണ് മത്സരിച്ചത്. പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച സിനിമകളും മത്സരത്തിനുണ്ടായിരുന്നു. ഈ നേട്ടം വലിയൊരു അംഗീകാരമായി കാണുന്നുവെന്നും തന്റെ സിനിമാജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു മേരിക്കുട്ടിയെന്നും ജയസൂര്യ പറഞ്ഞു. സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനും അണിയറ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടിയില്‍ മേരിക്കുട്ടി എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്‌കാരമടക്കം ഒട്ടനവധി അംഗീകാരങ്ങള്‍ ചിത്രം നേടിയിരുന്നു.