Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ സ്വന്തം സൈനിക കോപ്റ്റര്‍ മിസൈലിട്ട് തകര്‍ത്തത് വലിയ അബദ്ധമെന്ന് വ്യോമ സേനാ മേധാവി

ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ ഫെബ്രുവരി 27-ന് ഇന്ത്യന്‍ വ്യോമ സേനയുടെ ഹെലികോപ്റ്റര്‍ മിസൈല്‍ തൊടുത്തു വിട്ട് തകര്‍ത്ത സൈനിക നീക്കം വലിയ അബദ്ധമാണെന്ന് വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിങ് ഭദൗരിയ സമ്മതിച്ചു. ആറു വ്യോമ സേനാംഗങ്ങളുടേയും ഒരു സിവിലിയന്റേയും മരണത്തിനിടയാക്കിയ വ്യോമ സേനാ കോപ്റ്റര്‍ അപകടം ഇന്ത്യന്‍ വ്യോമസേനയുടെ തന്നെ മിസൈല്‍ പതിച്ചാണെന്ന് ഈയിടെ അന്വേഷത്തില്‍ സ്ഥിരീകരിച്ചിരുന്നു. പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഭീകര താവളങ്ങള്‍ക്കു നേര്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിനു പിന്നാലെ ഉണ്ടായ ഇന്ത്യാ-പാക്് സംഘര്‍ഷ വേളയിലായിരുന്നു ഈ അബദ്ധം. ഇത് ഇന്ത്യന്‍ വ്യോമ സുരക്ഷാ സംവിധാനത്തിന്റെ പിഴവാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അന്വേഷണം പൂര്‍ത്തിയായെന്നും അപകടത്തിന് കാരണക്കാരായ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തതായും വ്യോമ സേനാ മേധാവി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

ശ്രീനഗര്‍ വ്യോമ സേനാ താവളത്തില്‍ നിന്ന് തൊടുത്തു വിട്ട ഇസ്രാഈല്‍ നിര്‍മിത സ്‌പൈഡര്‍ വെറും മിസൈല്‍ 12 സെക്കന്‍ഡിനുള്ളിലാണ് ഇന്ത്യന്‍ വ്യോമ സേനയുടെ സ്വന്തം ഹെലികോപ്റ്റര്‍ അബദ്ധത്തില്‍തകര്‍ത്തത്. മിസൈല്‍ ഏല്‍ക്കുമെന്ന് യാതൊരു മുന്നറിയിപ്പും സൂചനും തകര്‍ന്നു വീണ റഷ്യന്‍ നിര്‍മ്മിത എംഐ-17 കോപ്റ്ററിന് ലഭിച്ചിരുന്നില്ല.ബാലാകോട്ട് വ്യോമാക്രമണത്തിന് പ്രതികാരമായി ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ പോര്‍വിമാനങ്ങളെ തടയാനുള്ള വ്യോമ സേനാ നീക്കത്തിനിടെയായിരുന്നു ഈ ഭീമാബദ്ധം.

പടിഞ്ഞാറന്‍ കശ്മീരില്‍ വ്യോമാക്രണം നടക്കുന്നതിനിടെ കശ്മീരിലുടനീളം വ്യോമ സുരക്ഷ അതീവ ജാഗ്രതയിലായിരുന്നു. ശത്രുനീക്കങ്ങളെ തടയാന്‍ മിസൈല്‍ യൂണിറ്റുകളും തയാറാക്കി നിര്‍ത്തിയിരുന്നു. ഈ സമയത്താണ് ശ്രീനഗര്‍ വിമാനത്താവളത്തിലെ വ്യോമ പ്രതിരോധ റഡാറുകള്‍ താഴ്ന്ന പറക്കുന്ന ഹെലികോപ്റ്ററിനെ കണ്ടെത്തിയത്. ഈ സമയത്ത് വ്യോമ താവളത്തിന്റെ ചീഫ് ഓപറേഷന്‍സ് ഓഫീസര്‍ പദവി വഹിച്ചിരുന്ന സൈനിക ഉദ്യോഗസ്ഥനാണ് ഹെലികോപ്റ്റര്‍ തകര്‍ക്കാന്‍ ഉത്തരവ് നല്‍കിയെന്നതാണ് കരുതപ്പെടുന്നത്. സ്വന്തം കോപ്റ്ററാണോ ശത്രുവിമാനമാണോ എന്നു തിരിച്ചറിയുന്നതിനുള്ള ഐഎഫ്എഫ് ട്രാന്‍സ്പോണ്ടര്‍ വഴി ഇത് സ്വന്തം ഹെലികോപ്റ്ററാണെന്ന് ഈ ഉദ്യോഗസ്ഥന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഹെലികോപ്റ്റര്‍ തകര്‍ന്നത് ഇന്ത്യന്‍ സേന സ്ഥിരീകരിച്ചിരുന്നെങ്കിലും പാക്കിസ്ഥാനുമായി നടന്ന വ്യോമ പോരാട്ടത്തിനിടെയാണെന്ന പരാമര്‍ശമുണ്ടായിരുന്നില്ല. പാക് സൈന്യവും ജമ്മു കശ്മീരിലെനൗശേറ സെക്ടറില്‍ പോര്‍വിമാനങ്ങള്‍ ഏറ്റുമുട്ടിയതായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ വ്യോമ സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതില്‍ തങ്ങള്‍ക്കു പങ്കില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
 

Latest News