Sorry, you need to enable JavaScript to visit this website.

തെറ്റു പറ്റിയെന്ന് സുപ്രീം കോടതി; വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കി

ന്യൂദല്‍ഹി- എട്ടു വര്‍ഷത്തിനുശേഷം വിധിയിലെ പിശക് കണ്ടെത്തിയ സുപ്രീം കോടതി വധശിക്ഷ ജീവപര്യന്തമായി ചുരുക്കി. മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയില്‍ ഭാര്യയെയും 10 മാസം പ്രായമായ കുഞ്ഞടക്കം നാല് കുട്ടികളെയും കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രതിയുടെ ശിക്ഷ ഇളവ് ചെയ്തത്.

എല്ലാ തെളിവുകളും സൂക്ഷ്മമായി പരിശോധിച്ച ശേഷം, ജസ്റ്റിസുമാരായ എന്‍.വി രമണ, എംഎം ശാന്തനഗൗഡര്‍, ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് 2011 ല്‍ സുപ്രീം കോടതി വിധി പുറപ്പെടുവിക്കുമ്പോള്‍ രണ്ട് തെറ്റുകള്‍ വരുത്തിയെന്ന് വിലയിരുത്തിയത്. കോടതിക്ക് പുറത്ത് പ്രതി മുന്‍ ഭാര്യയോട് നടത്തിയ കുറ്റ സമ്മതം പരിശോധിക്കാതെ കണക്കിലെടുത്തതാണ് ഒരു പിശക്. ഭാര്യയുടെ മുഖം അടിച്ചു തകര്‍ത്തുവെന്നതിന് ആവശ്യമായ മെഡിക്കല്‍ സ്ഥിരീകരണം ഉണ്ടായിരുന്നില്ലെന്നത് രണ്ടാമത്തെ പിശകായും കോടതി കണ്ടെത്തി.

പ്രതിയെ ശിക്ഷിക്കാന്‍ ശക്തമായ സാഹചര്യ തെളിവുകളുണ്ടെങ്കിലും വധശിക്ഷ ന്യായീകരിക്കാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയെന്ന് പ്രതി തന്നോട് ഫോണില്‍ പറഞ്ഞുവെന്ന് മുന്‍ഭാര്യ മൊഴി നല്‍കിയിരുന്നുവെങ്കിലും ക്രോസ് വിസ്താരത്തില്‍ അവര്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. അതുകൊണ്ടുതന്നെ കോടതിക്ക് പുറത്ത് നടത്തിയത് കുറ്റസമ്മതമായി പരിഗണിക്കാന്‍ പാടില്ലായിരുന്നു. തിരിച്ചറിയാതിരിക്കുന്നതിന് ഭാര്യയുടെ മുഖം തകര്‍ത്തുവെന്ന വാദം വിചാരണ കോടതിയും ഹൈക്കോടതിയും കണക്കിലെടുത്തത് മെഡിക്കല്‍ തെളിവുകളുടെ പിന്‍ബലമില്ലാതെയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

വിചാരണ കോടതിയും ഹൈക്കോടതിയും പ്രതിക്ക് വിധിച്ച വധശിക്ഷ 2011 ലാണ് സുപ്രീം കോടതി ശരിവെച്ചത്. 2012 ല്‍ റിവ്യൂഹരജി തള്ളിയെങ്കിലും പിന്നീട് വധശിക്ഷ സ്റ്റേ ചെയ്ത് റിവ്യൂ ഹരജിയില്‍ വാദം തുടരുകയുമായിരുന്നു.

2007 ലാണ് വിദൂര ഗ്രാമമായ രുപ്ല നായിക് തണ്ടയില്‍ കേസിനാസ്പദമായ സംഭവം. 10 മാസം, നാല്, ആറ്, പത്ത് വയസ്സയാ കുട്ടികളേയും ഭാര്യയേയുമാണ് കൊലപ്പെടുത്തിയത്. പ്രതിക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും ഇത് ദമ്പതികള്‍ക്കിടയില്‍ ഇടക്കിടെ വഴക്കിന് കാരണമാകാറുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു.

ദൃക്‌സാക്ഷി ഇല്ലാതിരുന്നതിനാല്‍ വിചാരണക്കോടതിയും ഹൈക്കോടതിയും സാഹചര്യ തെളിവുകളെയാണ് ആശ്രയിച്ചിരുന്നത്. സംഭവത്തിനുശേഷം പ്രതി ഒരു മാസത്തോളം ഒളിവില്‍ കഴിഞ്ഞുവെന്നതും കൊല്ലപ്പെട്ടവരോടൊപ്പം പ്രതിയെ അവസാനം കണ്ടിരുന്നുവെന്നുമുള്ള സാഹചര്യ തെളിവുകളാണ് പ്രധാനമായും പരിഗണിച്ചത്.

 

Latest News