ചെറുപ്പ കാലത്ത് കാണാറുള്ള വന്യമായ സ്വപ്നങ്ങളില്‍ ഒന്നാണ് ഭൂമിയില്‍ നാം നില്‍ക്കുന്നിടം കുഴിച്ചു കുഴിച്ചു പോയാല്‍ നേരെ എതിര്‍ഭാഗത്ത് ഏതു രാജ്യത്തു ചെന്നെത്തും എന്നത്. ഇങ്ങനെ ഭൂമി തുരന്നു പോയാല്‍ വേറെ ഏതെങ്കിലുമൊരു രാജ്യത്തെത്തുമെന്ന് കേള്‍ക്കാത്തവരുണ്ടാവില്ല. സ്‌കൂളില്‍ ജ്യോഗ്രഫി ക്ലാസില്‍ ആദ്യമായി ഭൂഗോള മാതൃക കാണുമ്പോഴും പലരുടേയും ചിന്ത പോയിട്ടുണ്ടാകുക ഈ വഴിക്കായിരിക്കും. എന്നാല്‍ സാങ്കേതിക വിദ്യ വളര്‍ന്ന ഇക്കാലത്ത് ഇതൊന്നും ഓര്‍ത്ത് സമയം കളയേണ്ടതില്ല. വളരെ ലളിതമായി ഇതു കണ്ടെത്താവുന്ന ഒരു ഓണ്‍ലൈന്‍ ആന്റിപോഡ്സ് മാപ് ഉണ്ട്. www.antipodesmap.com എന്ന വെബ്സൈറ്റില്‍ നിങ്ങള്‍ക്ക് ഇതു പരിശോധിക്കാം. ഈ ഇന്ററാക്ടീവ് വെബ്സൈറ്റില്‍ ഭൂമിയിലെ ഏതെങ്കിലും ഒരിടം തെരഞ്ഞെടുത്ത് അതിന്റെ നേരെ എതിര്‍ഭാഗത്ത് ഏതെങ്കിലും വിദേശ രാജ്യമാണോ അതോ കടലാണോ എന്നു പരിശോധിക്കാം. നിങ്ങളുടെ സ്ഥലമോ പിന്‍കോഡോ നല്‍കിയാല്‍ മതി. എതിര്‍ ഭാഗത്ത് എന്താണെന്ന് കണ്ടെത്താം.
മലപ്പുറത്തുനിന്നും കണ്ണൂരില്‍നിന്നും തുരന്നു പോയാല്‍ നിരാശയായിരിക്കും ഫലം. കാരണം ചുറ്റം വെള്ളം. ഭൂമിയുടെ 71 ശതമാനവും സമുദ്രമാണെന്നതിനാല്‍ സ്വാഭാവികമായും വലിയൊരു ശതമാനം സ്ഥലത്തും തുരന്നു പോയാല്‍ അപ്പുറത്ത് സമുദ്രത്തിലായിരിക്കും ചെന്നെത്തുക. എങ്കിലും ലോകത്തെ പല നഗരങ്ങളുടേയും നേരെ എതിര്‍ഭാഗത്ത് മറ്റൊരു വിദേശ നഗരമുണ്ട്. ഭൂമിയില്‍ നേര്‍ വിപരീതമായി സ്ഥിതി ചെയ്യുന്ന ഏറ്റവും കൂടുതല്‍ ജനവാസമുള്ള ഭൂപ്രദേശങ്ങള്‍ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ ചൈനയും മംഗോളിയയും എതിര്‍ഭാഗത്ത് ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റീനയും ചിലെയുമാണ്. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് നഗരമധ്യത്തില്‍ നിന്ന് കുഴിച്ചു പോയാല്‍ ചെന്നെത്തുക നേര്‍ വിപരീതമായി സ്ഥിതിചെയ്യുന്ന അര്‍ജന്റീനയിലെ ബഇയ ബ്ലാന്‍ക എന്ന നഗരത്തിലായിരിക്കും.
Read More: അമൽ നിസാമിനും ചിലത് പറയാനുണ്ട്
ഭൂമിയില്‍ നേരെ എതിര്‍ദിശയില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കര പ്രദേശം ഇന്തൊനേഷ്യ, ഫിലിപ്പീന്‍സ്, ന്യു ഗിനിയ എന്നീ രാജ്യങ്ങളടങ്ങുന്ന മലായ് ദ്വീപ് സമൂഹവും എതിര്‍ഭാഗത്ത് ആമസോണ്‍ നീദതടവും ഇതിനോട് ചേര്‍ന്ന് കിടക്കുന്ന ആന്‍ഡിയന്‍ മലനിരകളുമാണ്. എന്നാല്‍ നേരെ എതിര്‍ഭാഗത്ത് പൂര്‍ണമായും സമുദ്രമുള്ള ഏറ്റവും വലിയ കര പ്രദേശം ഓസ്ട്രേലിയയാണ്. ഓസ്ട്രേലിയയില്‍ എവിടെ തുരന്നാലും അപ്പുറത്ത് ചെന്നെത്തുന്നിടം സമുദ്രമായിരിക്കും. ഭൂമി മൊത്തത്തില്‍ തന്നെ എടുത്താല്‍ വലിയൊരു ഭാഗം കര മേഖലയ്ക്കും എതിര്‍ഭാഗത്ത് കരമേഖല ഇല്ല. അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ നിന്ന് തുരന്നാല്‍ ഓസ്ട്രേലിയന്‍ തീരത്താണ് ചെന്നെത്തുക. ലണ്ടനില്‍ നിന്ന് കുഴിച്ചാല്‍ അപ്പുറത്ത് ന്യൂസീലന്‍ഡ് തീരത്ത് ചെന്നെത്താം.
കൗതുകമുണര്‍ത്തുന്ന വേറെയും ചില കാര്യങ്ങളുണ്ട്. ഭൂമിയില്‍ നേരെ എതിര്‍ദിശയില്‍ സ്ഥിതി ചെയ്യുന്ന ഒരു നഗരങ്ങള്‍ തമ്മിലും വ്യോമഗതാഗത ബന്ധവുമില്ല. ഊഹിച്ചെടുത്താല്‍ ഏറ്റവും കൃത്യമായി എതിര്‍ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങള്‍ മൊറോക്കോയിലെ തംഗിയര്‍ ഇബ്നു ബത്തൂത എയര്‍പോര്‍ട്ടും ന്യൂസീലന്‍ഡിലെ വംഗറെയ് എയര്‍ഡ്രോമും ആയിരിക്കും. ഏതാണ്ട് 20,000 കിലോമീറ്റര്‍ പറക്കേണ്ടി വരും.