ന്യൂദല്‍ഹി- കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ മഹാത്മാ ഗാന്ധിയുടെ ആത്മാവ് വേദനിക്കുന്നുണ്ടാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഗാന്ധിജിയുടെ 150ാം ജന്മ വാര്‍ഷിക ദിനത്തില്‍ രാജ്ഘട്ടിലെത്തി ഉപചാരമര്‍പ്പിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. കാപട്യത്തിന്റെ രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടവര്‍ മഹാത്മാ ഗാന്ധിയെ മനസ്സിലാക്കില്ലെന്നും അവര്‍ പറഞ്ഞു. പരമോന്നതരാണെന്ന് സ്വയം സങ്കല്‍പ്പിക്കുന്നവര്‍ക്ക് എങ്ങനെ മഹാത്മാ ഗാന്ധിയുടെ ത്യാഗങ്ങളെ മനസ്സിലാക്കാനാകും. കാപട്യത്തിന്റെ രാഷ്ട്രീയവുമായി മുന്നോട്ടു പോകുന്നവര്‍ക്ക് ഗാന്ധി മുന്നോട്ടു വച്ച അഹിംസയുടെ തത്വശാസ്ത്രം മനസ്സിലാകില്ല- സോണിയ പറഞ്ഞു. ഇന്ത്യയും ഗാന്ധിയും പര്യായങ്ങളാണ്. ചിലര്‍ ആഗ്രഹിക്കുന്നത് ആര്‍എസ്എസിനെ ഇന്ത്യയുടെ പര്യായമാക്കി മാറ്റാനാണ്- സോണിയ ആഞ്ഞടിച്ചു.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധ്രയും ചടങ്ങില്‍ പങ്കെടുത്തു. സത്യത്തിന്റെ പാതയില്‍ മുന്നോട്ടു പോകാനാണ് ഗാന്ധിജിയുടെ പ്രഖ്യാപനം. ബിജെപി ആദ്യ സത്യത്തിന്റെ പാതയിലേക്ക് വരണം, എന്നിട്ടു ഗാന്ധിജിയെ കുറിച്ചു സംസാരിച്ചാല്‍ മതി- പ്രിയങ്ക പറഞ്ഞു. ലഖ്‌നൗവില്‍ നടക്കുന്ന ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായുള്ള കോണ്‍ഗ്രസ് പദയാത്രയിലും പ്രിയങ്ക പങ്കെടുക്കും.