Sorry, you need to enable JavaScript to visit this website.

മാന്ദ്യം നേരിടാൻ ആദായ നികുതി  ഇളവുകൾ പ്രഖ്യാപിച്ചേക്കും

ന്യൂദൽഹി - സാമ്പത്തിക രംഗത്തെ മാന്ദ്യം നേരിടാൻ ആദായ നികുതിയിലും ഇളവുകൾ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കോർപറേറ്റ് നികുതിയിൽ ഇളവ് വരുത്തിയ മാതൃകയിൽ ആദായ നികുതിയിലും മാറ്റങ്ങൾ പ്രഖ്യാപിക്കുമെന്നാണു സൂചന. നികുതി ദായകർക്ക് അഞ്ചു ശതമാനമെങ്കിലും ആനുകൂല്യം ലഭിക്കുന്ന വിധം ഇളവു പ്രഖ്യാപിക്കുമെന്നാണ് വിവരം. 
പ്രത്യക്ഷ നികുതി കോഡ് ടാസ്‌ക് ഫോഴ്‌സിന്റെ ശുപാർശകൾക്ക് അനുസരിച്ചുള്ള മാറ്റങ്ങളാണ് ആലോചിക്കുന്നത്. വ്യക്തിതലത്തിൽ ഇളവുകൾ നൽകുന്നത് ചെലവഴിക്കലിന്റെ തോതു വർധിപ്പിക്കുമെന്നും അതുവഴി സമ്പദ് വ്യവസ്ഥ ചലനാത്മകമാവുമെന്നുമാണ് സർക്കാർ കണക്കു കൂട്ടുന്നത്.
വർഷം അഞ്ചു ലക്ഷം മുതൽ പത്തു ലക്ഷം രൂപ വരെ നികുതി വിധേയ വരുമാനമുള്ളവർക്കായി പത്തു ശതമാനം എന്ന പുതിയ നികുതി സ്ലാബ് അവതരിപ്പിക്കുകയാണ് സർക്കാരിന്റെ പരിഗണനയിലുള്ള ഒരു മാർഗം. നിലവിൽ ഈ സ്ലാബിന് ഇരുപതു ശതമാനമാണ് നികുതി നിരക്ക്. ഉന്നത വരുമാനക്കാർക്കുള്ള 30 ശതമാനം നികുതി ഇരുപത്തഞ്ച് ശതമാനമായി കുറക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. സെസ്സ്, സർചാർജ് എന്നിവ ഒഴിവാക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നതായി ധനമന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോർട്ടുകളിൽ പറയുന്നു.
നിലവിൽ മൂന്നു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയുള്ളവർക്ക് അഞ്ച് ശതമാനമാണ് നികുതി നിരക്ക്. 
അഞ്ചു മുതൽ പത്തു ലക്ഷം വരെയുള്ളവർക്ക് ഇരുപതു ശതമാനവും പത്തു ലക്ഷത്തിനു മുകളിൽ മുപ്പത് ശതമാനവുമാണ് ആദായ നികുതി നിരക്കുകൾ. രണ്ടര ലക്ഷം വരെ വരുമാനമുള്ളവർ നികുതി നൽകേണ്ടതില്ല.

 

Latest News