കൊൽക്കത്ത- ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലുള്ള ഗരുലിയ മുനിസിപ്പാലിറ്റിയുടെ ഭരണം ബി.ജെ.പിക്കു നഷ്ടപ്പെട്ടു. അവിശ്വാസ പ്രമേയത്തെത്തുടർന്നു സുനിൽ സിങ് ചെയർമാൻ സ്ഥാനം രാജിവെച്ചതോടെ തൃണമൂൽ കോൺഗ്രസ് തന്നെ വീണ്ടും മുനിസിപ്പാലിറ്റിയുടെ ഭരണമേറ്റെടുത്തു. ബി.ജെ.പി എം.പി അർജുൻ സിങ്ങിന്റെ ബന്ധുവാണ് സുനിൽ സിംഗ്. ഇദ്ദേഹം കുറച്ചുമാസങ്ങൾക്കു മുൻപാണ് ബി.ജെ.പിയിലെത്തിയത്. തൃണമൂലിന് 13 കൗൺസിലർമാരുടെയും ബി.ജെ.പിക്ക് ഏഴ് കൗൺസിലർമാരുടെയും പിന്തുണയാണ് ഇപ്പോഴുള്ളത്. അതോടെയാണു താൻ രാജിവെയ്ക്കാൻ തീരുമാനിച്ചതെന്ന് സുനിൽ പറഞ്ഞു. സുനിൽ ഈമാസം ജൂണിൽ ബി.ജെ.പിയിലേക്കു വന്നതോടെയാണ് 21 അംഗ മുനിസിപ്പാലിറ്റിയിൽ ബി.ജെ.പി ഭരണത്തിലെത്തിയത്. സുനിലിനൊപ്പം 11 കൗൺസിലർമാർ ബി.ജെ.പിയിലേക്കു ചേക്കേറിയിരുന്നു. എന്നാൽ ഇതിന് ദിവസങ്ങൾക്കുള്ളിൽത്തന്നെ 11 പേർ തൃണമൂലിലേക്കു തിരിച്ചുപോയി. ഇത് ബി.ജെ.പിയുടെ അംഗസംഖ്യ ഏഴായിച്ചുരുക്കി. ഇതോടെയാണു തൃണമൂൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഈയാഴ്ച നടന്ന പ്രമേയത്തിൽ ബി.ജെ.പിക്കു ഭൂരിപക്ഷം തെളിയിക്കാനായില്ല. തൃണമൂൽ കൗൺസിലർമാരെ ബി.ജെ.പി ഭീഷണിപ്പെടുത്തുകയാണെന്ന് തൃണമൂൽ ജില്ലാ പ്രസിഡന്റും മന്ത്രിയുമായ ജ്യോതിപ്രിയോ മല്ലിക് ആരോപിച്ചു.