Sorry, you need to enable JavaScript to visit this website.

കര്‍തര്‍പൂര്‍ ഇടനാഴി ഉല്‍ഘാടനത്തിന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് പാക്കിസ്ഥാന്റെ ക്ഷണം

ന്യൂദല്‍ഹി- പ്രധാന സിഖ് തീര്‍ത്ഥാടന കേന്ദ്രമായ പാക്കിസ്ഥാനിലെ കര്‍തര്‍പൂരിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്ക്  ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും പാക്കിസ്ഥാന്‍ നിര്‍മ്മിക്കുന്ന തീര്‍ത്ഥാടന ഇടനാഴിയുടെ ഉല്‍ഘാടനത്തിന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് പാക്കിസ്ഥാന്‍ ക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ക്ഷണമില്ല. ഈ ഇടനാഴിയുടെ ഇന്ത്യയിലെ ഭാഗമായ ഗുരുദാസ്പൂരിലെ ദേര ബാബ നാനകില്‍ നിന്നും പാക് അതിര്‍ത്തി വരെ നിര്‍മ്മിക്കുന്നത് ഇന്ത്യയാണ്. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ മന്‍മോഹന്‍ സിങിനെ ക്ഷണിക്കാന്‍ തീരുമാനിച്ചതായി പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. ഔദ്യോഗിക ക്ഷണം മന്‍മോഹന്‍ സിങിന് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. 

കര്‍തര്‍പൂര്‍ ഇടനാഴി പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണ്. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇംറാന്‍ ഖാന്‍ സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ഉല്‍ഘാടന ചടങ്ങില്‍ അതിഥിയായി ക്ഷണിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. മന്‍മോഹന്‍ സിങ് ഒരു വിശ്വാസിയും പാക്കിസ്ഥാനില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വവുമായത് കൊണ്ടാണ് അദ്ദേഹത്തെ ക്ഷണിക്കുന്നതെന്നും ഖുറേശി പറഞ്ഞു. 

സിഖ് മതസ്ഥാപകനായ ഗുരു നാനക് ദേവിന്റെ അന്ത്യവിശ്രമ സ്ഥലമായ കര്‍തര്‍പൂരിലെ ദര്‍ബാര്‍ സാഹിബിനേയും ഇന്ത്യന്‍ പഞ്ചാബിലെ ഗുരുദാസ്പൂരിലുള്ള ദേര ബാബ നാനക് തീര്‍ത്ഥാടന കേന്ദ്രത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ ഇടനാഴി. ഇന്ത്യയും പാക്കിസ്ഥാനും സംയുക്തമായാണ് നിര്‍മിക്കുന്നത്. പാക് അതിര്‍ത്തിയില്‍ നിന്ന് ദേശീയ പാത 354 വരെയുള്ള നാലുവരി ഹൈവെ നിര്‍മ്മിക്കുന്നത് ദേശീയ പാത അതോറിറ്റിയാണ്. യാത്രക്കാര്‍ക്കായി ടെര്‍മിനലും ഇതേടൊപ്പം നിര്‍മ്മിക്കുന്നുണ്ട്.

ഗുരു നാനക് ദേവിന്റെ 550ാം ജന്മവാര്‍ഷിക ദിനമായ നവംബര്‍ 29നാണ് കര്‍തര്‍പൂര്‍ ഇടനാഴി തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുക്കുന്നത്. നിര്‍മാണ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. 

Latest News