ന്യൂദല്‍ഹി- കശ്മീരില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ പഴിച്ച് വീണ്ടും ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീര്‍ വിഷയം ഐക്യരാഷട്ര സഭ വരെ എത്തിക്കാനുള്ള നെഹ്‌റുവിന്റെ 'വ്യക്തിപരമായ' തീരുമാനം ഹിമാലയത്തേക്കാള്‍ വലിയ അബദ്ധമാണെന്ന് ഷാ കുറ്റപ്പെടുത്തി. ദല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 630 പ്രവിശ്യകളെ സര്‍ദാര്‍ പട്ടേല്‍ ഒന്നിപ്പിച്ചു. ജമ്മു കശ്മീരിനെ ഇന്ത്യയുമായി ഒന്നിപ്പിക്കുക എന്ന ഒരു ജോലി മാത്രമെ നെഹ്‌റുവിന് ചെയ്യാനുണ്ടായിരുന്നുള്ളൂ. അത് 2019 ഓഗസ്റ്റില്‍ ചെയ്തു കഴിഞ്ഞു- അമിത് ഷാ പറഞ്ഞു.
ആര്‍ട്ടിക്ക്ള്‍ 370യെ കുറിച്ചും കശ്മീരിനെ കുറിച്ചും ഇന്നും പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇതില്‍ വ്യക്ത വരുത്തുക എന്നത് പ്രധാനമാണെന്നും സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ മോഡി സര്‍ക്കാരിന്റെ തീരുമാനത്തെ പ്രതിരോധിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് ചരിത്രത്തെ വളച്ചൊടിച്ചത്. 1947 മുതല്‍ കശ്മീര്‍ ഒരു ചര്‍ച്ചാവിഷയവും വിവാദവുമാണെന്ന് ഞങ്ങള്‍ക്കും അറിയാം. എന്നാല്‍ ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചത് വളച്ചൊടിച്ച ചരിത്രമാണ്. അബദ്ധം പിണഞ്ഞ അതേ ആളുകള്‍ക്കു തന്നെയാണ് ചരിത്രമെഴുതാനുള്ള ഉത്തരവാദിത്തവും എന്നതിനാല്‍ ശരിയായ വസ്തുതകള്‍ ഒളിച്ചുവയ്ക്കപ്പെടുകയായിരുന്നു-ഷാ ആരോപിച്ചു.