മുംബൈ - തന്റേയും അമ്മാവൻ ശരത് പവാറിന്റേയും പേരുകൾ സഹകരണ ബാങ്ക് അഴിമതിയിൽ ഉയർന്നു വന്നതിനെ തുടർന്നാണ് ആരോടും ആലോചിക്കാതെ മഹാരാഷ്ട്ര നിയമസഭയിൽനിന്ന് രാജിവെച്ചതെന്ന് എൻ.സി.പി നേതാവ് അജിത് പവാർ പറഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹം സമർപ്പിച്ച രാജി നിയമസഭാ സ്പീക്കർ ഹരിബാബു ബാഗഡെ സ്വീകരിച്ചിരുന്നു. നേതാക്കളുമായോ പ്രവർത്തകരുമായോ അനുഭാവികളുമായോ ആലോചിക്കാതെയാണ് രാജിവെച്ചതെന്നും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നുവെന്നും മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അജിത് പവാർ പറഞ്ഞു.
2001 നും 2011 നും ഇടയിൽ മഹാരാഷ്ട്ര സ്‌റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്കിൽ 25,000 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് എൻ.സി.പി മേധാവി ശരത് പവാർ, അനന്തരവൻ അജിത് പവാർ, എന്നിവർക്കു പുറമെ 70 ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു.
11,000 കോടി മാസം നിക്ഷേപമുള്ള ബാങ്ക് എങ്ങനെ 25,000 കോടിയുടെ അഴിമതി നടത്തുമെന്ന് ആരോപണങ്ങൾ തള്ളിക്കൊണ്ട് അജിത് പവാർ ചോദിച്ചു. എം.എസ്.സി ബാങ്ക് അപ്പെക്‌സ് ബാങ്കാണെന്നും പഞ്ചസാര മില്ലുകൾ സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ ചിലപ്പോൾ ചട്ടങ്ങൾ മറികടന്ന് സഹായിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
ശരദ് പവാർ ഒരിക്കലും ബാങ്ക് ഡയറക്ടറായിരുന്നില്ല. എന്റെ ബന്ധുവായതുകൊണ്ട് മാത്രമാണ് അദ്ദേഹത്തിന്റെ പേര് വലിച്ചിഴച്ചത്. താൻ കാരണമാണ് അദ്ദേഹത്തെ അപകീർത്തിപ്പെടുത്തിയതെന്ന് പറഞ്ഞപ്പോൾ വികാരാധീനനായ അജിത് പവാർ വിതുമ്പി.
എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമാണുള്ളതെന്ന് അന്വേഷണം ആരംഭിച്ച സമയത്തെ സൂചിപ്പിച്ചുകൊണ്ട് അജിത് പവാർ പറഞ്ഞു. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഈ അന്വേഷണം. 2010 ൽ നടത്തേണ്ട അന്വേഷണം എന്തുകൊണ്ടാണ് 2019 ൽ നടത്തുന്നത്. അദ്ദേഹം ചോദിച്ചു.
വാർത്താ സമ്മേളനത്തിനുമുമ്പ് അജിത് പവാർ പാർട്ടി നേതാവും അമ്മാവനുമായ ശരത് പവാറിനെ മുംബൈയിലെ വസതിയിൽ സന്ദർശിച്ചു. ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് ഡോക്ടർമാർ വിശ്രമിക്കാൻ നിർദേശിച്ച ശരത് പവാറിന്റെ മകളും പാർട്ടി എം.പിയുമായ സുപ്രിയ സുലേയും സന്നിഹതയായിരുന്നു. കുടുംബത്തിന് പുറത്തുള്ള ആരും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച വൈകുന്നേരം അജിത് പവാർ രാജി നൽകിയത് എൻ.സി.പി നേതാക്കളേയും പ്രവർത്തകരേയും ഞെട്ടിച്ചിരുന്നു.