പുനെ- മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ അനന്തരവനും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ അജിത് പവാര്‍ എല്‍എഎ സ്ഥാനം രാജിവെച്ചു. രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ചു. ബിജെപി-ശിവ സേനാ സഖ്യത്തിനെതിരെ പോരാട്ടം ശക്തമാക്കാന്‍ എന്‍സിപി-കോണ്‍ഗ്രസ് സഖ്യം തയാറെടുപ്പുകള്‍ നടത്തുന്നതനിടെയാണ് അപ്രതീക്ഷിത നീക്കം. എംഎല്‍എ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പാര്‍ട്ടി നേതാവ് ശരത് പവാറിനെ അജിത് അറിയിച്ചിരുന്നില്ല. രാജി പ്രഖ്യാപിച്ച ശേഷവും അറിയിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ബന്ധുവും മുതിര്‍ന്ന നേതാവുമായ അജിത് രാഷ്ട്രീയം വിട്ടതിനെ കുറിച്ച് അറിയില്ലെന്ന് ആദ്യം പ്രതികരിച്ച ശരത് പവാര്‍ പിന്നീട് വീട്ടില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു കാര്യങ്ങള്‍ വിശദീകരിച്ചു.
കൃഷിയിലോ മറ്റു കാര്യങ്ങളിലോ ശ്രദ്ധപതിപ്പിക്കാനാണ് രാഷ്ട്രീയം വിട്ടതെന്നാണ് അജിത് കുടുംബത്തോട് പറഞ്ഞതെന്ന് ശരത് പവാര്‍ അറിയിച്ചു. 'എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നെ കൂടി പ്രതിചേര്‍ത്ത സാമ്പത്തിക തിരമറിക്കേസിനെ കുറിച്ച് അറിഞ്ഞതു മുതല്‍ അജിത് അസ്വസ്ഥനായിരുന്നു'- ശരത് പവാര്‍ പറഞ്ഞു. ഒരു കാരണവുമില്ലാതെ ശരത് പവാറിന്റെ പേരു കുടി കേസില്‍ വലിച്ചിഴച്ചെന്ന് അജിത് ഭാര്യയോടും മകനോടും പറഞ്ഞിരുന്നു. കേസിലുള്‍പ്പെട്ട സഹകരണ ബാങ്കില്‍ ശരത് പവാര്‍ ഒരു അംഗം പോലുമല്ല. പ്രതികാരം തീര്‍ക്കാനാണ് അദ്ദേഹത്തെ ഈ കേസില്‍ ഉള്‍പ്പെടുത്തിയതെന്നും അജിത് മകനോട് പറഞ്ഞിരുന്നു. രാഷ്ട്രീയം അധഃപതിച്ചിരിക്കുകയാണെന്നും ഇനി കൃഷിയോ മറ്റു കാര്യങ്ങളിലേക്കോ തിരിയാമെന്നുമാണ് അജിത് മകനോട് പറഞ്ഞതെന്ന് ശരത് പവാര്‍ പറഞ്ഞു. തങ്ങളുടെ കുടുംബ ബന്ധം ശക്തമാണെന്നും അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി മനസ്സുമാറ്റാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.