റാണാ അയ്യൂബിന്റെ രാഷ്ട്രീയ വിശകലനം ഇനി വാഷിംഗ്ടണ്‍ പോസ്റ്റില്‍

ന്യൂദല്‍ഹി- വാഷിംഗ്ടണ്‍ പോസ്റ്റ് എഴുത്തുകാരില്‍ ഇനി പ്രശസ്ത ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബും. ഇന്ത്യന്‍ രാഷ്ട്രീയ കാര്യങ്ങളെ കുറിച്ച് എഴുതുന്നതിനായി ഗ്ലോബല്‍ ഒപീനീയന്‍ സെക്ഷനില്‍ പത്രം റാണാ അയ്യൂബിനെ ഉള്‍പ്പെടുത്തി.
ബി.ജെ.പി നയങ്ങളെ തുറന്നു കാണിച്ചതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയ റാണാ അയ്യൂബ് നേരത്തെ തെഹല്‍ക്ക മാഗസിനിലായിരുന്നു. തെഹല്‍ക്ക വിട്ട ശേഷം മുംബൈ കേന്ദ്രീകരിച്ച് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തുടര്‍ന്നു. ഗുജറാത്ത് ഫയല്‍സ്: അനാറ്റമി ഓഫ് എ കവര്‍ അപ് എന്ന കൃതിയിലൂടെ ഗുജറാത്ത് കലാപത്തെ തുറന്നു കാണിച്ച റാണ മോഡിയുടേയും ബി.ജെ.പിയുടേയും നയങ്ങളെ നിശിതമായി വിര്‍ശിക്കുക പതിവാണ്.
തെഹല്‍ക്ക പത്രാധിപരായിരുന്ന തരുണ്‍ തേജ്പാല്‍ ഉള്‍പ്പെട്ട ലൈംഗികാതിക്രമ ആരോപണം സ്ഥാപനം കൈകാര്യം ചെയ്ത രീതിയില്‍ പ്രതിഷേധിച്ചാണ് 2013 നവംബറില്‍ തെഹല്‍ക്ക വിട്ടത്.  ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള റാണയുടെ ഫീച്ചര്‍ എക്കാലത്തെയും 20 മികച്ച മാസികാ ഫീച്ചറുകളിലൊന്നായി ഔട്ട്‌ലുക്ക് മാസിക തെരഞ്ഞെടുത്തിരുന്നു. ഈ ഫീച്ചറാണ് പിന്നീട് അവര്‍ ഗുജറാത്ത് ഫയല്‍സ് എന്ന പേരില്‍ പുസ്തകമാക്കിയത്.
2016 ല്‍  ഖത്തറില്‍ നടന്ന ഡോ. എ.പി.ജെ അബ്ദുല്‍കലാം ജന്‍മദിനാചരണ ചടങ്ങില്‍ റാണയെ പങ്കെടുപ്പിക്കരുതെന്ന ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം വിവാദമായിരുന്നു. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള പുസ്തകം എഴുതിയശേഷം ദുരനുഭവങ്ങള്‍ തുടരുകയാണെന്നും മോഡി ഭരണകൂടം തന്നെ വേട്ടയാടുകയാണെന്നും  റാണാ അയ്യൂബ് ആരോപിച്ചിരുന്നു.  

 

Latest News