ലഖ്‌നൗ- മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദിനെതിരെ ലൈംഗീക പീഡന പരാതി നൽകിയ യുവതിയെ യു.പി പോലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച കേസിലാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പെൺകുട്ടി യു.പിയിലെ ഷാജഹാൻപുരിൽനിന്ന് കോടതിയിലേക്ക് പോകുന്നതിനിടെ പോലീസ് ഇവരെ തടഞ്ഞ് ചോദ്യം ചെയ്യാനായി കൊണ്ടുപോകുകയായിരുന്നു. കോടതി മുറ്റത്ത്‌നിന്നാണ് യുവതിയെ പോലീസ് കൊണ്ടുപോയത് എന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. നിരവധി പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം ഇവർ കോടതിയിൽനിന്ന് പുറത്തേക്ക് വരുന്നതിന്റെ ദൃശ്യങ്ങളാണുള്ളത്. യുവതിയുടെ പരാതിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ ചിന്മയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചത്. തനിക്കെതിരെ പോലീസ് പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് യുവതി പരാതി നൽകിയിരുന്നു.