ന്യൂയോര്‍ക്ക്- കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കശ്മീര്‍ പ്രശ്നം ഉഭയകക്ഷി പ്രശ്നമാണെന്നും അതില്‍ മൂന്നാം കക്ഷിക്ക് യാതൊരു പങ്കുമില്ലെന്നും ഇന്ത്യ വാദിക്കുന്നതിനിടെയാണ് ട്രംപിന്റെ പുതിയ നീക്കം. യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
കശ്മീര്‍ പ്രശ്‌നം സങ്കീര്‍ണമാകുകയാണെന്നും ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന് ഉത്തരവാദിത്തമുണ്ടെന്നും കൂടിക്കാഴ്ചയില്‍ ഇംറാന്‍ ഖാന്‍ പറഞ്ഞു. സഹായിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും സഹായിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഹ്യൂസ്റ്റണില്‍ നടന്ന ഹൗഡി മോഡി റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വേദി പങ്കിട്ട ട്രംപ് അടുത്ത സൗഹൃദവും തീവ്രവാദത്തിനെതിരെ പോരാടുന്നതിനുള്ള പൊതുവായ കാഴ്ചപ്പാടും പ്രകടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇന്ത്യയുടെ നിലപാട് തള്ളിക്കൊണ്ട് കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാനുള്ള ശ്രമം.
പാക്കിസ്ഥാനും ഇന്ത്യയും ആഗ്രഹിക്കുന്നുവെങ്കില്‍ മധ്യസ്ഥത്തിനു തയാറാണെന്നും കശ്മീര്‍ പ്രശ്‌നം വളരെ സങ്കീര്‍ണമാണെന്നും ട്രംപ് പറഞ്ഞു.
പ്രധാനമന്ത്രി മോഡിയുമായി എനിക്ക് നല്ല ബന്ധമുണ്ട്. പ്രധാനമന്ത്രി ഖാനുമായും നല്ല ബന്ധമുണ്ട് . ഞാന്‍ വളരെ നല്ല മധ്യസ്ഥനാകും. ഒരു മധ്യസ്ഥനെന്ന നിലയില്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല- ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കശ്മീരുമായി ബന്ധപ്പെട്ട നേരിട്ടുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല.
ഇംറാന്‍ ഖാന്റെ സാന്നിധ്യത്തില്‍ ഹൗഡി മോഡി മെഗാ റാലിയെ പ്രശംസിച്ച ട്രംപ് പ്രധാനമന്ത്രി മോഡി ശക്തമായ പ്രസ്താവനകളാണ് നടത്തിയതെന്നും പറഞ്ഞു.