ന്യൂദല്‍ഹി- നികുതി വെട്ടിച്ചെന്നാരോപിച്ച് തെരഞ്ഞെടുപ്പു കമ്മീഷണര്‍ അശോക് ലവാസയുടെ ഭാര്യ നോവല്‍ സിംഗാള്‍ ലവാസയ്ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ്. നോവല്‍ സമര്‍പ്പിച്ച നികുതി റിട്ടേണില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസയച്ചതെന്ന് ആദായ നികുതി വൃത്തങ്ങള്‍ അറിയിച്ചു. 10 കമ്പനികളില്‍ ഡയറക്ടര്‍ പദവി വഹിക്കുന്നുണ്ടെന്ന് നികുതി റിട്ടേണില്‍ നോവല്‍ സിംഗാള്‍ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ചാണ് ആദായ നികുതി വകുപ്പ് സംശയം പ്രകടിപ്പിച്ചത്. വ്യക്തിഗത സാമ്പത്തിക ഇടപാടുകളുടെ കൂടുതല്‍ രേഖകളും വകുപ്പ് ഇവരില്‍ നിന്ന്് തേടിയിട്ടുണ്ട്. ഐടി റിട്ടേണില്‍ എന്തെങ്കിലും മറച്ചു വച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും ഇവര്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും വകുപ്പ് പരിശോധിച്ചു വരികയാണ്. മുന്‍ ബാങ്ക് ഉദ്യോഗസ്ഥയായ നോവല്‍ സിംഗാളിന്റെ 2015 മുതല്‍ 2017 വരെയുള്ള ആദായ നികുതി രേഖകളാണ് പരിശോധിക്കുന്നത്. ഇതു സംബന്ധിച്ച് നോവല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ പെരുമാറ്റ ചട്ടം നടപ്പാക്കുന്നതിലെ വിവേചനപരമായ നിലപാട് ചോദ്യം ചെയ്ത തെരഞ്ഞെടുപ്പു കമ്മീഷണറാണ് അശോക് ലവാസ. കമ്മീഷന്‍ മോഡി സര്‍ക്കാരിന് അനുകൂലമായി നിലപാടെടുക്കുന്നുവെന്ന വ്യാപക ആക്ഷേപങ്ങള്‍ക്കിടെയാണ് കമ്മീഷനുള്ളില്‍ അഭിപ്രായഭിന്നത പ്രകടിപ്പിച്ച അശോക് ലവാസ രംഗത്തെത്തിയത്. മൂന്‍ ധനകാര്യ സെക്രട്ടറിയായി ലാവസയെ 2018 ജനുവരിയിലാണ് തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമിച്ചത്. മോഡി സര്‍ക്കാരിനെതിരെ ശക്തമായി രംഗത്തുണ്ടായിരുന്ന പ്രതിപക്ഷ നേതാക്കളേയും മറ്റും കള്ളപ്പണം, നികുതിവെട്ടിപ്പ് തുടങ്ങിയ കേസുകളില്‍പ്പെടുത്തി ജയിലിലടക്കുന്നതിനിടെയാണ് ലവാസയ്‌ക്കെതിരായ പുതിയ നീക്കം.