Sorry, you need to enable JavaScript to visit this website.

ബി.ജെ.പി നേതാവിനെതിരായ പീഡനക്കേസ് ദുര്‍ബലപ്പെടുത്താന്‍ നീക്കം; ഇരയും പ്രതിപ്പട്ടികയില്‍

ലഖ്‌നൗ-  മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരായ ലൈംഗിക പീഡനക്കേസ് ദുര്‍ബലപ്പെടുത്താന്‍ നീക്കം. ചിന്മയാനന്ദിനെ  ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഇരയായ വിദ്യര്‍ഥിനിയേയും യു.പി പോലീസിന്റെ പ്രത്യേകാന്വേഷണ സംഘം പ്രതി ചേര്‍ത്തു.  ചിന്മയാനന്ദ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരിചയക്കാരായ മൂന്ന് പേരെ  കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

പ്രതിപ്പട്ടികയിലുള്ള സഞ്ജയ് സിംഗ്, സച്ചിന്‍ സെന്‍ഗാര്‍, വിക്രം എന്ന ദുര്‍ഗേഷ് എന്നിവര്‍ക്കു പുറമേ നാലാമതായാണ് പെണ്‍കുട്ടിയെ പ്രതി ചേര്‍ത്തിരിക്കുന്നത്. പീഡനക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങള്‍ പുറത്തു വിടരുതെന്ന സുപ്രീംകോടതി നിര്‍ദേശമുള്ളതിനാലാണ് മിസ് എ എന്നാണ് പെണ്‍കുട്ടിയുടെ പേരു ചേര്‍ത്തിരിക്കുന്നത്.  
അറസ്റ്റിലായ മൂന്നു പേരും ചിന്മയാനന്ദിന്റെ പീഡനത്തില്‍ നിന്നു രക്ഷപ്പെടാന്‍ തന്നെ സഹായിച്ചവരാണെന്നും കേസ് ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണെന്ന് സംശയിക്കുന്നതായും പരാതിക്കാരി പറഞ്ഞു.  
പെണ്‍കുട്ടി പരാതി നല്‍കിയിട്ടും ചിന്മയാനന്ദിനെതിരെ നടപടിയെടുക്കാന്‍ യു.പി പേലീസ് തുടക്കത്തില്‍ തയാറായിരുന്നില്ല. ഒടുവില്‍ സുപ്രീം കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ജയിലിലായ ചിന്മയാനന്ദ് തെറ്റുകള്‍ സമ്മതിച്ചതായി പ്രത്യേകാന്വേഷണ സംഘത്തലവന്‍ വെളിപ്പെടുത്തിയിരുന്നു.
ചിന്മയാനന്ദ് നടത്തിയ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിയമ വിദ്യാര്‍ഥിനിയായിരുന്നു പരാതിക്കാരി. കോളേജില്‍ അഡ്മിഷന്‍ തരപ്പെടുത്തിയ ശേഷം വിഡിയോ ചിത്രീകരിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ പെണ്‍കുട്ടി തെളിവായി സമര്‍പ്പിച്ചിരുന്നു.

 

 

Latest News