ഭോപാല്‍- ക്ഷേത്രങ്ങള്‍ക്കു സമീപം അറവുശാലകള്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവു മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ സിങ് മധ്യപ്രദേശ് സര്‍ക്കാരിന് കത്തയച്ചു. ഭോപ്പാലില്‍ നഗരത്തിനു പുറത്തെ ഒരു ക്ഷേത്രത്തിനു സമീപം ബിജെപി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പറേഷന്‍ അറവുശാല നിര്‍മിക്കാന്‍ അനമതി നല്‍കിയത് തന്റേയും ലക്ഷക്കണക്കിന് വിശ്വാസികളുടേയും വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിങിന്റെ കത്ത്. മകനും സംസ്ഥാന നഗരവികസന മന്ത്രിയുമായ ജയ്‌വര്‍ധന്‍ സിങിനാണ് ദിഗ്‌വിജയ സിങ് കത്തെഴുതിയത്. സംസ്ഥാനത്ത് ബിജെപി അധികാരത്തിലിരിക്കുമ്പോള്‍ നഗരസഭ നല്‍കിയ ഈ അനുമതി ഉടന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നവരാത്രി ആഘോഷ സമയത്ത് ധാരാളം തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന ഇടമാണ് കങ്കാളി മന്ദിര്‍. ഈ ക്ഷേത്രത്തിനു സമീപത്തെ ആദംപൂര്‍ ഛാവനിയിലാണ് അറവുശാല അനുവദിച്ചിരിക്കുന്നത്. സമീപത്ത് ഒരു രാമ ക്ഷേത്രം അടക്കം മറ്റു രണ്ടു ക്ഷേത്രങ്ങള്‍ കൂടിയുണ്ടെന്ന് ദിഗ്‌വിജയ സിങ് ചൂണ്ടിക്കാട്ടി. അറവുശാല സുഭാഷ്‌നഗറില്‍ നിന്നും ആദംപൂരിലേക്ക് മാറ്റാനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നുവെന്നും സീങ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് ഈ അറവുശാല നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായെന്നും അദ്ദേഹം കത്തില്‍ പറയുന്നു.