Sorry, you need to enable JavaScript to visit this website.

ബസ് ഡ്രൈവര്‍ 'ഹെല്‍മെറ്റ് ധരിച്ചില്ല'; ഉടമ പിഴയടക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

നോയ്ഡ- ബസ് ഡ്രൈവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ ഉടമയ്ക്ക് 500 രൂപ പിഴയിട്ടു. നോയ്ഡയിലെ സ്വകാര്യ ബസ് ഉടമയായ നിരാകര്‍ സിങിനാണ് ഓണ്‍ലൈന്‍ പിഴ ചലാന്‍ ലഭിച്ചത്. സെപ്തംബര്‍ 11നാണ് ചെലാനില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതി. വെള്ളിയാഴ്ച ഒരു ജീവനക്കാരന്‍ പരിശോധിച്ചപ്പോഴാണ് ഇതു ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെതിരെ വേണ്ടി വന്നാല്‍ കോടതിയെ സമീപിക്കുമെന്ന് നിരാകര്‍ പറഞ്ഞു. നേരത്തെ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ഇതേ ബസിന് നാലു തവണ പിഴ ചുമത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. സീറ്റ് ബെല്‍റ്റ് പിഴയാണെങ്കില്‍ അത് ശരിയായി രേഖപ്പെടുത്തണമെന്നും തെറ്റിന് പിഴയടക്കാന്‍ തയാറാണെന്നും നിരാകര്‍ സിങ് പറഞ്ഞു. 

അന്‍പതോളം ബസുകളുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമയാണ് നിരാകര്‍. സ്‌കൂളുകളുടേയും സ്വകാര്യ കമ്പനികളുടേയും ട്രിപ്പുകള്‍ക്കാണ് ഇവ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദപ്പെട്ട ഗതാഗത വകുപ്പ് ഇത്തരത്തില്‍ തെറ്റായി പിഴ ചുമത്തുന്നത് വിശ്വാസ്യത തകര്‍ക്കുമെന്നും ദിവസേന ചുമത്തുന്ന നൂറുകണക്കിന് പിഴ ചലാനുകള്‍ ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവം പരിശോധിച്ചു വരികയാണെന്നും പിഴവ് ഉണ്ടെങ്കില്‍ തിരുത്തുമെന്നും ഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു. 


 

Latest News