ന്യൂയോർക്ക്- അമേരിക്കയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന 'ഹൗഡി മോഡി' പരിപാടിക്കെതിരെ ഹ്യൂസ്റ്റൻ സിറ്റി കൗൺസിലിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പീറ്റർ ഫ്രെഡറിക് നടത്തിയ പ്രസംഗം വൈറലായി. മോഡി നടത്തിയ ക്രൂരതകളുടെ കണക്കുകൾ വിവരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു പീറ്റർ ഫ്രെഡറികിന്റെ പ്രസംഗം.
പ്രസംഗത്തിന്റെ സ്വതന്ത്രപരിഭാഷ
'കഴിഞ്ഞ മാസം ഒരു വർണ്ണവെറിയൻ 22 പേരെയാണ് ടെക്സസ് നഗരത്തിൽ വെടിവെച്ച് കൊന്നത്. ഈ പൈശാചിക കൃത്യമാകട്ടെ ക്രൈസ്റ്റ്ചർച്ചിൽ 51 പേരുടെ ജീവനെടുത്ത കൂട്ടക്കൊലയിൽ നിന്ന് 'പ്രചോദനം' ഉൾക്കൊണ്ടും.
2011 ൽ നോർവേയിൽ ആൻഡേഴ്സ് ബ്രെവിക് നടത്തിയ കൂട്ടക്കുരുതിക്ക് ഇരയായത് 77 പേരാണ്. അയാളിൽ നിന്നും കണ്ടെടുത്ത കൈപ്പുസ്തകം, ലോകത്തെമ്പാടുമുള്ള തീവ്രവലതുപക്ഷ അതിദേശീയ സംഘടനകളുടെ കൂട്ടത്തിൽ ആർ.എസ്.എസിനെ പ്രകീർത്തിക്കുന്നതായിരുന്നു. തെരുവുകളിൽ അഴിഞ്ഞാടിയും ഭീതി പടർത്തിയും കലാപമുണ്ടാക്കി മുസ്ളീം വിരോധം ആളിക്കത്തിക്കുന്ന ഞടട നെ പ്രശംസിച്ചുകൊണ്ടും, സവർണ്ണഹിന്ദുത്വ വാദത്തിൽ നിന്ന് തൊലിവെളുത്തവന്റെ മേൽക്കോയ്മാ മനോഭാവത്തിന് പഠിക്കാനേറെയുണ്ടെന്നും പരസ്പരം 'സഹകരിച്ച്' പ്രവർത്തിക്കാനാകണമെന്നും ചൂണ്ടിക്കാട്ടുന്ന ഒന്നായിരുന്നു അത്.
ആർ.എസ്.എസ് ഒരു ഫാസിസ്റ്റ് 'അർദ്ധസൈനീക' രൂപം കൈവരിച്ച 1925 ലാണ് ഹിറ്റ്ലർ 'എന്റെ കഥ' പുറത്തിറക്കിയത്. നാസികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു വളർന്ന ആർ.എസ്.എസ് നരേന്ദ്ര മോഡിയെ സൃഷ്ടിച്ചു. 2002 ൽ രണ്ടായിരത്തിലധികം മുസ്്ലിംകളെ തെരഞ്ഞുപിടിച്ചു കൊന്നതിന് കാർമികത്വം വഹിച്ച മോഡി. കൂട്ട ബലാത്സംഗത്തിനും, വെട്ടിനുറുക്കി ചുട്ടുകരിച്ചതിനും കൂട്ടുനിന്ന മോഡി. പിന്നീട്, വിചാരണ വേളയിൽ ക്യാമറയ്ക്കു മുന്നിൽ പോലും മോഡിയുടെ പങ്ക് വെളിപ്പെട്ട കലാപം. ഈ നരഹത്യയുടെ പേരിലാണ് പത്ത് വർഷം അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്കിയതും. ഇന്നും തന്റെ ഭരണത്തിനു കീഴിൽ അന്യമതസ്ഥരും, ദളിതരും, പിന്നോക്ക വിഭാഗക്കാരും, പകയുടേയും വെറുപ്പിന്റേയും പേരിലുള്ള ഹിന്ദുത്വത്തോട് അഭിപ്രായ വ്യത്യാസമുള്ള യഥാർത്ഥ ഹിന്ദു പോലും ഭയപ്പാടോടെ കഴിയേണ്ടി വരുന്ന ഇന്ത്യൻ സാഹചര്യം. മോഡിയുടെ കൈകളിൽ ചോരയുടെ മണമുണ്ട്. അയാളെ കൈകുലുക്കി ആനയിക്കുന്നവർക്കും ആ പാപക്കറയിൽ നിന്ന് മോചനമില്ല.
ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ വാക്കുകൾ കടമെടുത്താൽ 'കൊടിയ അനീതിയുടെ കാലത്ത് നിങ്ങൾ നിസ്സംഗത പുലർത്തിയാൽ, നിങ്ങൾ അനീതിയുടെ പക്ഷത്താണ്'. ആ അനീതിയെ നിങ്ങൾ ചുവന്ന പരവതാനി കൂടി വിരിച്ച് സ്വീകരിച്ചാലോ?. 'മൗനം സമ്മതമാകു'മെന്ന് പ്ലാറ്റോ പറഞ്ഞതിനും മാനങ്ങൾ ഏറെയുണ്ട്. അപ്പോൾ, അടിച്ചമർത്തലിനെ നിങ്ങൾ ശബ്ദമേറ്റി വരവേറ്റാലോ?
അതുകൊണ്ട് 'ഹൗഡി മോഡി'യല്ല; 'അഡിയോസ് മോഡി'' അഥവാ 'പോ മോനെ മോഡി' !
( തർജ്ജമ: DrSarin P. )