ന്യൂദല്‍ഹി- മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് ട്രാഫിക് നിയമ ലംഘനങ്ങലുടെ പിഴ കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ദല്‍ഹിയില്‍ ഇന്ന് വാഹന സമരം. 41 ട്രാന്‍സ്‌പോര്‍ട്ട് സംഘടനകളുടെ കൂട്ടായ്മയായ യുനൈറ്റഡ് ഫ്രണ്ട് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പ്രഖ്യാപിച്ച സൂചനാ സമരം ഇന്ന് ദല്‍ഹിയെ സ്തംഭിപ്പിക്കും. സ്വകാര്യ ബസുകള്‍, ഓട്ടോകള്‍, ഒരു വിഭാഗം ഓണ്‍ലൈന്‍ ടാക്‌സികള്‍, ട്രക്കുകള്‍, ഗ്രാമീണ സേവാ വാഹനങ്ങള്‍, സ്‌കൂള്‍ ബസുകള്‍ തുടങ്ങിയവ ഇന്ന് നിരത്തിലിറങ്ങില്ല. സ്‌കൂളുകള്‍ തുറക്കില്ല. സ്വകാര്യ സ്ഥാപനങ്ങള്‍ മിക്കതും ഓഫീസുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. രാവിലെ ആറു മണി മുതല്‍ രാത്രി 9.30 വരെയാണ് പണിമുടക്ക്.
അമിതമായ ട്രാഫിക് പിഴ പുനപ്പരിശോധിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ആവശ്യമെന്ന് യുനൈറ്റഡ് ഫ്രണ്ട് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍സ് ചെയര്‍മാന്‍ ഹരീഷ് സബര്‍വാള്‍ പറഞ്ഞു. ഈ കനത്ത പിഴ ഒരു അഴിമതി സ്രോതസ്സല്ലാതെ മറ്റൊന്നുമല്ല. പിഴ തുക കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് മിണ്ടുന്നില്ല. ട്രാഫിക് ഇന്‍സ്‌പെക്ടര്‍മാരുടെ പക്കല്‍ ശരീരത്തില്‍ ഘടിപ്പിക്കുന്ന കാമറകളോ മൈക്കുകളോ ഒന്നുമില്ല. എന്തുകൊണ്ട് ശാസ്ത്രീയ തെളിവുകള്‍ ഇല്ല? സബര്‍വാള്‍ ചോദിച്ചു.