ഗണിതശാസ്ത്രത്തിൽ അഗ്രഗണ്യയും എഴുത്തുകാരിയുമായ ശകുന്തള ദേവിയുടെ ജീവിതം ബോളിവുഡ് ചിത്രമാവുന്നു. വിദ്യാ ബാലനാണ് ചിത്രത്തിൽ ശകുന്തള ദേവിയുടെ വേഷത്തിൽ എത്തുന്നത്. മുടി ബോബ് ചെയ്ത് ചുവന്ന സാരി ഉടുത്ത് ശകുന്തള ദേവിയായി മാറിയ വിദ്യാ ബാലന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമായി.
'ശകുന്തള ദേവി ഹ്യുമൻ കംപ്യൂട്ടർ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനു മേനോൻ. സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്‌സ് പ്രൊഡക്ഷൻസും അബുൻഡാനിയ എന്റർടെയ്ൻമെന്റും ചേർന്ന് നിർമിക്കുന്ന ചിത്രം 2020 ൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.
1929ൽ ബാംഗ്ലൂരിൽ ജനിച്ച ശകുന്തള ദേവി ഗണിത ശാസ്ത്രത്തിലും, മനക്കണക്കു കൂട്ടുന്നതിലും, ജ്യോതിശാസ്ത്രത്തിലുമെല്ലാം അതിവിദഗ്ധയായിരുന്നു. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുമുണ്ട്. 2013ൽ തന്റെ 83ാം വയസ്സിലാണ് മരണം.
ശകുന്തള ദേവിയെ ബിഗ്‌സ്‌ക്രീനിൽ അവതരിപ്പിക്കാൻ അവസരം കിട്ടിയതിൽ അതീവ സന്തോഷമുണ്ടെന്ന് വിദ്യ ബാലൻ പറഞ്ഞു. ശകുന്തള ദേവിയുടെ 20 വയസ്സു മുതൽ അവസാനകാലം വരെയുള്ള വേഷത്തിലാണ് വിദ്യാ ബാലൻ എത്തുന്നത്.