Sorry, you need to enable JavaScript to visit this website.

അമിത് ഷായുടെ ഒറ്റ ഭാഷാ നീക്കം; അതൃപ്തിയുമായി സഖ്യകക്ഷികളും

ന്യൂദല്‍ഹി- ഹിന്ദി അടിച്ചേല്‍പിക്കാനുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ നീക്കത്തിനെതിരെ പ്രതിപക്ഷ ആക്രമണം തുടരുന്നതിനിടെ, ഒരു രാഷ്ട്രം, ഒരു ഭാഷ പ്രസ്താവനയില്‍ അതൃപ്തി പരസ്യമാക്കി  ബി.ജെ.പിയുടെ പ്രാദേശിക സഖ്യകക്ഷികളും രംഗത്ത്.  
അമിത് ഷായുടെ നീക്കം സ്വീകാര്യമല്ലെന്ന് തമിഴ്‌നാട്ടിലെ എന്‍.ഡി.എ സഖ്യകക്ഷി അണ്ണാ ഡി.എം.കെ വ്യക്തമാക്കി. ദേശീയതയും ഒറ്റ ഇന്ത്യ നയവും സ്വീകാര്യമാണെങ്കിലും ഒറ്റ ഭാഷാ നീക്കം വേണ്ടെന്ന് എ.ഐ.എ.ഡി.എം.കെ സംസ്ഥാന സംഘടനാ സെക്രട്ടറി സി. പൊന്നയ്യന്‍ പറഞ്ഞു.
സംസ്ഥാനത്തിന് പ്രാദേശിക ഭാഷയും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഇടപെടലുകള്‍ക്ക് ഇംഗ്ലീഷ് ഭാഷയുമെന്നതാണ് എ.ഐ.എ.ഡി.എം.കെയുടെ പ്രഖ്യാപിത നയം. രാജ്യത്തിനാകെയുള്ള ദ്വിഭാഷാ സൂത്രവാക്യമാണിത്. രാജ്യത്തെ 22 ഔദ്യോഗിക ഭാഷകളില്‍ ഒന്നു മാത്രമാണ് ഹിന്ദി. രാജ്യത്തിന്റെ ഏക ഔദ്യോഗിക ഭാഷയല്ല. ഭൂരിഭാഗം സംസ്ഥാനങ്ങളിലും സംസാരിക്കുന്ന ഭാഷയുമല്ല ഇത്- പൊന്നയ്യന്‍ പറഞ്ഞു.
അമിത് ഷായും അനുയായികളും ഇന്ത്യയുടെ സമഗ്രതയെ അവഗണിക്കുകയാണെന്നും അവര്‍ അത് ഒഴിവാക്കുകയും ഷാ പ്രസ്താവന പിന്‍വലിക്കുകയും വേണമെന്ന് പൊന്നയ്യന്‍ ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയില്‍ അമിത് ഷായുടെ പ്രസ്താവനക്കെതിരെ ശിവസേനയും രംഗത്തുണ്ട്. യുവസേന തലവന്‍ ആദിത്യ താക്കറെയാണ് അമിത് ഷായുടെ വാദങ്ങളെ ചോദ്യം ചെയ്യുന്നത്. ഹിന്ദിയും ഇംഗ്ലീഷും പൊതുവായി ബന്ധപ്പെട്ടിരിക്കുന്ന ഭാഷകളാണ്. ഓരോ ഭാഷയും ബഹുമാനിക്കപ്പെടണം. ഓരോ ഭാഷക്കും അതിന്റേതായ സൗന്ദര്യമുണ്ട്. നിങ്ങള്‍ക്ക് എല്ലായിടത്തും ഒരു ഏകീകൃത പിച്ച് ഉണ്ടാക്കാന്‍ കഴിയില്ല- ആദിത്യ താക്കറെ പറഞ്ഞു.
പ്രാദേശിക വാദത്തിലൂടെ സംസ്ഥാനത്ത് സ്വാധീനം നേടിയെടുത്ത ശിവസേന ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയാണ് മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുന്നത്. ഇരു പാര്‍ട്ടികള്‍ തമ്മിലുള്ള സീറ്റ് പങ്കിടല്‍ കരാര്‍ ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
മറാത്തിയില്‍ ഹിന്ദി അടിച്ചേല്‍പിക്കാനുള്ള നീക്കം ഒരിക്കലും അനുവദിക്കില്ല.  മഹാരാഷ്ട്രയില്‍ മറാത്തിയെ അനുകൂലിക്കുന്ന നിലപാട് ബി.ജെ.പി സ്വീകരിക്കണം- സേനാ വക്താവ് മനീഷ കയാണ്ടെ പറഞ്ഞു.
കന്നഡ സംസ്ഥാനത്തെ പ്രധാന ഭാഷയാണെന്നും അതിന്റെ പ്രാധാന്യം ഒരിക്കലും ഉപേക്ഷിക്കില്ലെന്നും കര്‍ണാടകയിലെ  ബി.ജെ.പി മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്തെ എല്ലാ ഓദ്യോഗിക ഭാഷകളും തുല്യമാണെങ്കിലും  കര്‍ണാടകയെ സംബന്ധിച്ചിടത്തോളം കന്നഡയാണ് പ്രധാന ഭാഷയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
അമിത് ഷായുടെ പ്രസ്താവനക്കെതിരെ കര്‍ണാടകയില്‍ കോണ്‍ഗ്രസും ജനതാദളും ശക്തമായി രംഗത്തുവന്നിരുന്നു. നമ്മുടെ രാജ്യത്തിന് ഒരു ഭാഷ വേണമെന്ന് കഴിഞ്ഞ  13 ന് ഹിന്ദി ദിവസിലാണ് അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നത്.

 

Latest News