ചെന്നൈ- ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈ എംജിആര്‍ റെയില്‍വേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലും സുരക്ഷ ശക്തമാക്കി. ബാഗുകള്‍ അടക്കം വിശദമായി പരിശോധിച്ചാണ് എംജിആര്‍ സ്റ്റേഷനില്‍ യാത്രക്കാരെ കടത്തിവിടുന്നത്.
ആഗസ്റ്റ് 25ന് കാഞ്ചീപുരം ഗംഗയമന്‍ ക്ഷേത്രത്തിന് സമീപം സ്ഫോടനം നടന്നിരുന്നു. ഗംഗയമന്‍ കോവിലിനു പിന്നിലെ ക്ഷേത്രക്കുളം ശുചീകരിക്കുന്നതിനിടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടി തുറന്നപ്പോഴാണു സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ പ്രദേശവാസികളായ രണ്ട് പേര് കൊല്ലപ്പെട്ടിരുന്നു. സൂര്യ, ദിലീപ് രാഘവന് എന്നിവരാണ് കൊല്ലപ്പെട്ടത്.
അതേസമയം മദ്രാസ് ഹൈക്കോടതിയില്‍ സ്ഫോടനം നടത്തുമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രജിസ്ട്രാര്‍ക്ക് ഡല്‍ഹിയില്‍ നിന്ന് കത്ത് ലഭിച്ചിരുന്നു. സെപ്തംബര്‍ 30ന് കോടതിക്കുള്ളില്‍ പലയിടത്തായി സ്ഫോടനം നടത്തുമെന്നാണ് ഹൈക്കോടതി റജിസ്ട്രാര്‍ക്ക് ലഭിച്ച ഭീഷണി കത്തില്‍ പറയുന്നത്.
ഖലിസ്ഥാന്‍ ഭീകരവാദിയെന്ന് അവകാശപ്പെട്ട് ഹര്‍ദര്‍ശന്‍ സിംഗ് നാഗ്പാല്‍ എന്നയാളുടെ പേരിലാണ് കത്ത്. താനും മകനും ചേര്‍ന്ന് സ്ഫോടനം നടത്തുമെന്നാണ് കത്തില്‍ അവകാശപ്പെടുന്നത്. കത്തിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.