അഗര്‍ത്തല- ഹിന്ദിയെ രാഷ്ട്ര ഭാഷയായി അംഗീകരിക്കാത്തവര്‍ രാജ്യത്തോട് സ്‌നേഹമില്ലാത്തവരാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ഹിന്ദി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ 'ഒരു രാജ്യം ഒരു ഭാഷ' എന്ന ആശയത്തിന് വേണ്ടി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു ബിപ്ലബ് കുമാര്‍.
കോളനി ഭരണത്തോട് കൂറ് പുലര്‍ത്തുന്നതിനാല്‍ ഇംഗ്ലീഷ് ഭാഷ പലര്‍ക്കും അഭിമാനത്തിന്റെ അടയാളമായിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങള്‍ക്ക് മാത്രമേ വികസനുമുണ്ടാകുകയുള്ളൂ എന്നത് തെറ്റാണ്. അങ്ങനെയാണെങ്കില്‍ ചൈന, ജപ്പാന്‍, റഷ്യ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഒന്നും വികസിതമാകുമായിരുന്നില്ലെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു.ഹിന്ദി അടിച്ചേല്‍പ്പിക്കാനല്ല താന്‍ നോക്കുന്നതെന്നും ഇംഗ്ലീഷിന് എതിരല്ലെന്നും ബിപ്ലബ് ദേബ് കൂട്ടിച്ചേര്‍ത്തു.
വിവിധ ഭാഷകളുടെ നാടാണ് ഇന്ത്യയെന്നും ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും എന്നാല്‍, രാജ്യത്തെ ഒരുമിച്ച് നിര്‍ത്തുന്നതിന് ഏകീകൃതമായൊരു ഭാഷ വേണമെന്നും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിയാണ് അതിന് നല്ലതെന്നും അമിത്ഷാ പറഞ്ഞത്.
രാജ്യത്തിന്റെ ഏകതയ്ക്ക് ഒരു ഭാഷ ആവശ്യമാണ്. രാജ്യത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്താന്‍ ഏതെങ്കിലും ഭാഷക്ക് സാധിക്കുമെങ്കില്‍ അത് ഹിന്ദിയായിരിക്കും, എന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെതിരെ നിരവധി പേരാണ്‌രംഗത്ത് വന്നത്.