ഉപഭോക്താക്കളെ ആകർഷിച്ച് വാഹന വിപണിയിലെ മാന്ദ്യം മറികടക്കാൻ വാഹന നിർമാതാക്കളുടെ ശ്രമം. ഇതിനായി വൻ ഓഫറുകളാണ് വാഹന നിർമാതാക്കൾ നൽകുന്നത്. ഇതിൽ മുന്നിൽ ഹോണ്ടയാണ്. വിവിധ മോഡലുകളിലായി നാലു ലക്ഷം വരെ വിലക്കുറവാണ് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ മോഡലുകൾക്ക് 42,000 രൂപ മുതൽ 4 ലക്ഷം വരെ വിലക്കുറവ് വാഗ്ദാനമാണ് നൽകുന്നത്. വിവിധ സ്ഥലങ്ങളേയും ഡീലർഷിപ്പുകളേയും മോഡലുകളുടെ ലഭ്യതക്കും അനുസരിച്ച് ഓഫറുകളിൽ വ്യതിയാനം വരും. ഈ മാസം അവസാനം വരെ വിലക്കിഴിവ് നിലവിലുണ്ടാകും.
വിലക്കുറവ് കൂടുതലായുള്ളത് ഹോണ്ടയുടെ പ്രീമിയം എസ്‌യുവിയായ സിആർവിക്കാണ്. വിവിധ മോഡലുകളിലായി നാലു ലക്ഷം രൂപയുടെ വരെ വിലക്കുറവ് ഈ മോഡലുകൾക്ക് ലഭിക്കും. കഴിഞ്ഞ വർഷമാണ് ഹോണ്ട പുതിയ സിആർവി വിപണിയിലെത്തിച്ചത്.
ഹോണ്ടയുടെ ചെറു എസ്‌യുവി ബിആർവിക്ക് 1.10 ലക്ഷം രൂപ വരെ കുറവ് ലഭിക്കും. വിവിധ വകഭേദങ്ങളിലായി കാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ഓഫറുകളും ആക്‌സറീസും അടക്കമാണ് ഈ ഓഫർ.
പ്രീമിയം സെഡാനായ സിവിക്കിന് 2.50 ലക്ഷം രൂപ വരെ ഓഫറുണ്ട്. വിസിവിടി ഒഴികയുള്ള പെട്രോൾ വകഭേദത്തിന് 25,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും എല്ലാ ഡീസൽ മോഡലുകൾക്കും 2.50 ലക്ഷം വരെ കാഷ് ഡിസ്‌കൗണ്ടും പെട്രോൾ വിസിവിടിക്ക് കാഷ് ഡിസ്‌കൗണ്ടും 2 ലക്ഷം എക്‌സ്‌ചേഞ്ച് ബോണസുമാണ് കമ്പനി വാഗ്ദാനം.
ഹോണ്ട സിറ്റിയുടെ എല്ലാ വകഭേദങ്ങൾക്കും 32,000 രൂപ കാഷ് ഡിസ്‌കൗണ്ടും 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അടക്കം 62,000 രൂപ വരെ വിലക്കുറവു ലഭിക്കും.
ഹോണ്ട ഡബ്ല്യൂആർവി, ഹോണ്ട ജാസ്, കോംപാക്റ്റ് സെഡാനായ അമേയ്‌സസ് തുടങ്ങി എല്ലാ മോഡലുകൾക്കും ഹോണ്ട വൻ വിലക്കുറവാണ് വാഗ്ദാനം ചെയ്യുന്നത്. പ്രതിസന്ധി ഘട്ടത്തെ മറികടക്കാൻ ഇതല്ലാതെ കമ്പനികൾക്കു മുന്നിൽ വേറെ മാർഗമില്ലെന്നായിരിക്കുകയാണ്. മറ്റു വാഹന നിർമാതാക്കളും വിൽപനയുടെ പുരോഗതിക്കായി വൻ വിലക്കുറവും മറ്റു വാഗ്ദാനങ്ങളുമായി രംഗത്തുണ്ട്.