ഇസ്ലാമാബാദ്- ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതിനെ ചൊല്ലിയുള്ള പോരിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പതിവു രീതിയില്‍ ഒരു യുദ്ധമുണ്ടായാല്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടേക്കാമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. അതേസമയം പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പാക്കിസ്ഥാന്‍ ഒരിക്കലും ആണവ യുദ്ധ തുടങ്ങിവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ യുദ്ധ വിരുദ്ധ രാജ്യമാണെന്നും അല്‍ജസീറയ്ക്കു നല്‍കി അഭിമുഖത്തില്‍ ഇംറാന്‍ ഇങ്ങനെ പറഞ്ഞു.
'ആണവായുധങ്ങള്‍ കൈവശമുള്ള രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ഒരു പരമ്പരാഗത രീതിയിലുള്ള യുദ്ധമുണ്ടായാല്‍ അതൊരു ആണവ യുദ്ധത്തില്‍ കലാശിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് വ്യക്തമാണ്. പാക്കിസ്ഥാന്‍ പരമ്പരാഗത യുദ്ധത്തില്‍ പരാജയപ്പെട്ടുവെന്നിരിക്കട്ടെ, (ദൈവം തടയട്ടെ) മരണം വരെ പൊരുതുക അല്ലെങ്കില്‍ കീഴടങ്ങുക എന്നീ രണ്ടു വഴികളെ രാജ്യത്തിനു മുന്നിലുണ്ടാകൂ. പാക്കിസ്ഥാന്‍ മരണം വരെ പോരാടുക തന്നെ ചെയ്യുമെന്നുറപ്പാണ്. ഒരു ആണവ രാജ്യം അന്ത്യം വരെ പൊരുതിയാല്‍ പ്രത്യാഘാതങ്ങളുണ്ടാകും,' ഇംറാന്‍ ഖാന്‍ പറഞ്ഞു.
പാക്കിസ്ഥാന്‍ നിയന്ത്രണത്തിലുള്ള കശ്മീരില്‍ വെള്ളിയാഴ്ച ഇംറാന്‍ ഖാന്‍ റാലിയില്‍ പ്രസംഗിച്ചിരുന്നു. കശ്മീരിലെ സാഹചര്യം കൂടുതല്‍ മുസ്ലിംകളെ തീവ്രവാദത്തിലേക്ക് നയിക്കുമെന്നും ജനങ്ങള്‍ അതോടെ ഇന്ത്യക്കെതിരെ തിരിയുമെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു. കശ്മരീര്‍ പ്രശ്‌നം പരിഹരിക്കാന്‍ അന്താരാഷ്ട്ര സമൂഹം തയാറായില്ലെങ്കില്‍ അത് ആഗോള വ്യാപാരത്തേയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.