പാമ്പുകളെ കാണിച്ച് മോഡിയെ ഭീഷണിപ്പെടുത്തിയ പാക് പോപ് താരം വെട്ടിലായി

ലാഹോര്‍- പെരുമ്പാമ്പും മുതലയുമടക്കമുള്ള വന്യമൃഗങ്ങളെ കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഭീഷണിപ്പെടുത്തി സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോ പുറത്തുവിട്ട പാക്കിസ്ഥാനി പോപ് ഗായികയും അവതാരകയുമായ റാബി പീര്‍സാദ നിയമക്കുരിക്കിലായി. ബ്യൂട്ടി പാര്‍ലറില്‍ നിയമവിരുദ്ധമായി വന്യജീവികളെ വളര്‍ത്തു മൃഗങ്ങളായി സൂക്ഷിച്ചതിന് റാബിക്കെതിരെ ലാഹോറില്‍ അധികൃതര്‍ നിയമനടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. റാബി പീര്‍സാദ വന്യ ജീവി സംരക്ഷണ നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി പരാതിയുമായി പഞ്ചാബ് വന്യജീവി സംരക്ഷണ വകുപ്പ് ലാഹോറിലെ കോടതിയെ സമീപിച്ചു. ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. 

ഒരാഴ്ച മുമ്പാണ് റാബി പാമ്പുകളേയും മുതലക്കുഞ്ഞിനേയും മുന്നില്‍ നിരത്തി വച്ച് മോഡിയെ വിഡിയോയിലൂടെ ഭീഷണിപ്പെടുത്തത്. 'ഇവ മോഡിക്കുള്ള പ്രത്യേക സമ്മാനമാണ്. മോഡിയെ ഇവ തിന്ന് തീര്‍ക്കും. കശ്മീരികളെ ബുദ്ധിമുട്ടിലാക്കുന്നതിന് ഞാന്‍ ഒരുക്കിവച്ചതാണിത്. നരകത്തില്‍ പോയി തുലയാന്‍ തയാറായിക്കോളൂ- എന്നായിരുന്നു വിഡിയോയില്‍ റാബിയുടെ ഭീഷണി.

ഈ വിഡിയോ പ്രചരിച്ചതോടെയാണ് വന്യജീവി സംരക്ഷണ വകുപ്പ് സംഭവം അറിയുന്നത്. അപൂര്‍വ്വയിനം മൂര്‍ഖന്‍ പാമ്പുകളേയും ഒരു സിംഹത്തേയും മുതലയേയും ലാഹോറിലെ തന്റെ ബ്യൂട്ടി പാര്‍ലറില്‍ വളര്‍ത്തുന്നതായി അധികൃതര്‍ പറഞ്ഞു.

Latest News