ന്യൂദല്‍ഹി- ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യം പ്രകടമായതോടെ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കേന്ദ്ര സര്‍ക്കാര്‍ മൂന്ന് തവണയാണ് വിവിധ പ്രഖ്യാപനങ്ങള്‍ നടത്തിയത്. ഏറ്റവുമൊടുവില്‍ ശനിയാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രതിസന്ധി നേരിടുന്ന വിവിധ മേഖലകളെ രക്ഷപ്പെടുത്താന്‍ 70,000 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ മാതൃകയിലുള്ള വ്യാപാര മാമാങ്കവും, സ്തംഭനാവസ്ഥയിലുള്ള റിയല്‍ എസ്റ്റേറ്റ് ഭവന നിര്‍മാണ മേഖലയ്ക്കുള്ള ഉത്തേജന പാക്കേജും കയറ്റുമതി വര്‍ധിപ്പിക്കാനുള്ള നടപടികളും ഇതില്‍പ്പെടും.
അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യയില്‍ നാലു നഗരങ്ങളില്‍ ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ മാതൃകയില്‍ വലിയ വ്യാപാര മേള സംഘടിപ്പിക്കുമെന്നാണ് പ്രഖ്യാപനം. വ്യത്യസ്ത തീമുകളിലായിരിക്കും ഇത് സംഘടിപ്പിക്കുക. വന്‍ വിലക്കിഴിവും സമ്മാനങ്ങളും നറുക്കെടുപ്പുകളും മറ്റു പരിപാടികളും അടങ്ങുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന മേളകളിലൂടെ റീട്ടെയ്ല്‍, ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്കും കയറ്റുമതി മേഖലയ്ക്കും മാന്ദ്യകാലത്ത് ഉത്തേജനം നല്‍കാനാണു പദ്ധതി. സ്വര്‍ണം-ആഭരണം, കരകൗശല വസ്തുക്കള്‍, ടൂറിസം, ടെക്‌സ്റ്റൈല്‍സ്-തുകല്‍ എന്നീ നാലു തീമുകളിലായിരിക്കും ഈ മേള സംഘടിപ്പിക്കുക. നാലു നഗരങ്ങള്‍ ഏതെല്ലാമാണെന്ന് വാണിജ്യ മന്ത്രാലയം തീരുമാനിക്കും.
പ്രതിസന്ധി ഏറെ ബാധിച്ചിട്ടുള്ള മേഖലയായ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും ഉത്തേജനം പ്രഖ്യാപിച്ചിട്ടുണ്ട്. ഭവന നിര്‍മാണ രംഗത്തിന് 10000 കോടി രൂപയുടെ പ്രത്യേക പദ്ധതി നടപ്പിലാക്കും. ഇതോടെ വീടു വാങ്ങല്‍ വേഗത്തിലും ചെലവ് കുറഞ്ഞതുമാകുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ഭവന വായ്പ നല്‍കുന്ന കമ്പനികള്‍ക്ക് വിദേശത്തു നിന്ന് ഫണ്ട് സ്വീകരിക്കാനുള്ള അനുമതി നല്‍കി ചട്ടങ്ങല്‍ ലഘൂകരിച്ചു. പണമില്ലാത്തതിനാല്‍ മുടങ്ങിക്കിടക്കുന്ന വീടുകളുടെ പണി പൂര്‍ത്തിയാക്കാന്‍ ഈ പദ്ധതി വഴി സഹായം നല്‍കും. ഇത് 3.5 ലക്ഷം കുടുംബങ്ങള്‍ക്ക് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.
ചെറിയ നികുതി ചട്ട ലംഘനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആദായ നികുതി വകുപ്പ് വിടാതെ പിന്തുരുമെന്ന ഭീതി ജനങ്ങള്‍ക്കിടിയില്‍ ഇല്ലാതാക്കാനാണ് ഇതെന്ന് മന്ത്രി പറയുന്നു. അര്‍ഹിക്കുന്ന കേസുകളില്‍ മാത്രമെ ശക്തമായ നിയമനടപടികളുണ്ടാകൂ. 25 ലക്ഷം രൂപയില്‍ താഴെയുള്ള നികുതി ലംഘനങ്ങള്‍ക്ക് നികുതി വകുപ്പിന്റെ പ്രത്യേക സമിതിയുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമെ നിയമനടപടികള്‍ നേരിടേണ്ടതുള്ളൂവെന്നും മന്ത്രി പറഞ്ഞു.