വാഷിങ്ടണ്‍-അമേരിക്കന്‍ നടി ഫെലിസിറ്റി ഹഫ്മാന് 14 ദിവസം തടവ് ശിക്ഷ. കോളേജ് പ്രവേശന അഴിമതിക്കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി നടപടി. തടവിന് പുറമെ 30,000 ഡോളര്‍ പിഴയടക്കാനും 250 മണിക്കൂര്‍ കമ്മ്യൂണിറ്റി സേവനം പൂര്‍ത്തിയാക്കാനും ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.
പരീക്ഷയില്‍ കൃത്രിമം കാണിക്കാന്‍ പണം നല്‍കി എന്ന് സമ്മതിച്ച ഹഫ്മാന്‍, സംഭവത്തില്‍ കോടതിയില്‍ മാപ്പ് പറയുകയും ചെയ്തു. അമേരിക്കയില്‍ ഏറെ വിവാദം സൃഷ്ടിച്ച കോളേജ് പ്രവേശന അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ രക്ഷിതാവാണ് 56 കാരിയായ ഹഫ്മാന്‍.ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'ഡെസ്‌പെറേറ്റ് ഹൗസ്വൈവ്‌സ്' താരവും അക്കാദമി അവാര്‍ഡ് നോമിനിയുമായ 56 കാരിക്കെതിരെ ബോസ്റ്റണിലെ ഫെഡറല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കോളേജ് പ്രവേശനത്തിനുള്ള ടെസ്റ്റില്‍ മകളുടെ ഉത്തരങ്ങള്‍ രഹസ്യമായി ശരിയാക്കണമെന്നാവശ്യപ്പെട്ട് 15,000 ഡോളര്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്. കേസില്‍ ഹഫ്മാന്‍ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.