ന്യൂദൽഹി- ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം മറച്ചുവെക്കാൻ നരേന്ദ്രമോഡി സർക്കാർ കള്ളവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മില്ലേനിയലുകളെക്കുറിച്ചുള്ള മണ്ടൻ സിദ്ധാന്തങ്ങൾ രാജ്യത്തിന് ആവശ്യമില്ലെന്നും ഇത്തരം പ്രചാരണ വേലകളെ കൊണ്ടോ കൃത്രിമ വാർത്തകളെ കൊണ്ടോ രാജ്യം നേരിടുന്ന പ്രതിസന്ധിയെ മറികടക്കാൻ കഴിയില്ലെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലെ വാഹന വിപണി നേരിടുന്ന പ്രശ്‌നങ്ങൾക്ക് പ്രധാന കാരണം ഇന്ത്യയിലെ പുതുതലമുറയിലുള്ളവർ യാത്ര ഊബർ, ഒല ടാക്‌സികളിലേക്ക് മാറ്റിയതുകൊണ്ടാണെന്ന ധനമന്ത്രി നിർമലാ സീതാരാമന്റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു രാഹുൽ. സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥ പരിഹരിക്കാനുള്ള ശക്തമായ പദ്ധതിയാണ് വേണ്ടതെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ഞങ്ങൾക്ക് ഒരു പ്രശ്‌നമുണ്ടെന്ന് അംഗീകരിക്കുകയാണ് അത് പരിഹരിക്കാനുള്ള ആദ്യ പടിയെന്നും രാഹുൽ പറഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഹിന്ദു ബിസിനസ് ലൈനിന് നൽകിയ അഭിമുഖത്തിന്റെ ലിങ്ക് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ നിലപാട് വ്യക്തമാക്കിയത്.