ശ്രീനഗര്‍- കശ്മീരില്‍ സുരക്ഷാ സൈനികര്‍ ഭീകരനെ കൊലപ്പെടുത്തി. വടക്കന്‍ കശ്മീരിലെ സോപൂര്‍ പട്ടണത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ നടന്ന വെടിവെപ്പില്‍ ആസിഫ് മഖ്ബൂല്‍ ഭട്ട് എന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിംഗ് അറിയിച്ചു.
പാക്കിസ്ഥാന് പിന്തുണയുള്ള ഭീകര സംഘടനയായ ലശ്കറെ ത്വയ്ബ അംഗമാണ് കൊല്ലപ്പെട്ട മഖ്ബൂല്‍ ഭട്ടെന്ന് അദ്ദേഹം പറഞ്ഞു.
അടുത്തിടെ ഒരു പഴക്കച്ചവടക്കാരന്റെ കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്കും അഞ്ച് വയസ്സായ പെണ്‍കുട്ടിക്കും പരിക്കേറ്റ വെടിവെപ്പിനു പിന്നില്‍ ഇയാളായിരുന്നു. ഒരു കുടിയേറ്റ തൊഴിലാളിയെ ലക്ഷ്യമിട്ട് നേരത്തെയും ഭട്ട് വെടിവെച്ചിരുന്നുവെന്ന് പോലീസ് മേധാവി പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിനുശേഷം കശ്മീരില്‍ ആക്രമണങ്ങള്‍ നടത്താന്‍ പാക്കിസ്ഥാന് ഭീകരരെ കടത്തിവിടുകയാണെന്ന് ഇന്ത്യ ആരോപണം തുടരുകയാണ്.