ചെന്നൈ- ബംഗ്ലാദേശിലെ ഭീകര സംഘടനയായ ജമാഅത്തുല്‍ മുജാഹിദീനുമായി (ജെ.എം.ബി) ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത പോലീസിലെ പ്രത്യേക ദൗത്യ സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
35 കാരനായ അസദുല്ല എസ്.കെ എന്ന രാജയാണ് പിടിയിലായത്. എ.എ നഗറിലെ കനാല്‍പുരത്ത് വാടക വീടെടുത്ത് താമസിക്കുന്ന ഇയാളെ കുറിച്ച് എസ്.ടി.എഫിന് രഹസ്യ വിവരം ലഭിച്ചതാണെന്ന് പറയുന്നു. പശ്ചിമബംഗാളിലെ ബര്‍ദ്വാനില്‍ നിത്യാനന്ദ്പുര്‍ സ്വദേശിയാണ്.
ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന സൈന്യത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തുന്നതിനിടയിലാണ് അസദുല്ല പിടിയിലായത്. 2018 ലെ ബോധ് ഗയ സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട ഇയാള്‍ മറ്റു ആക്രമണങ്ങളുടെ സൂത്രധാരനാണെന്നും പറയുന്നു. കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് റിമാന്‍ഡ് കരസ്ഥമാക്കി കൂടുതല്‍ ചോദ്യം ചെയ്യാനായി കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോകും. ജെ.എം.ബി അംഗമായ 22 കാരന്‍ മുഹമ്മദ് അബ്ദുല്‍ ഖാസിം എന്ന ഖാസിമിനെ വടക്കന്‍ കൊല്‍ക്കത്തയിലെ കനാല്‍ ഈസ്റ്റ് റോഡില്‍ കഴിഞ്ഞയാഴ്ച എസ്.ടി.എഫ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു ജെ.എം.ബിക്കാരുമായി ബന്ധപ്പെട്ട് ആക്രമണ ലക്ഷ്യങ്ങള്‍ തീരുമാനിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഖാസിമിനെ ഈ മാസം 16 വരെ പോലീസ് കസ്റ്റിഡിയില്‍ വിട്ടിരിക്കയാണ്. ജെ.എം.ബിയുടെ ഇന്ത്യയിലെ പ്രമുഖനെന്ന് കരുതുന്ന ഇജാസ് അഹമ്മദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഘടനയെ കഴിഞ്ഞ മേയില്‍ കേന്ദ്ര സര്‍ക്കാര്‍ ഭീകര സംഘടനകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.