ബെയ്ജിങ്- ഇംഗ്ലീഷ് അധ്യാപക ജോലി നിര്‍ത്തി ലോകത്തെ അമ്പരിപ്പിച്ച ഓണ്‍ലൈന്‍ വാണിജ്യ സംരഭം കെട്ടിപ്പടുത്ത ചൈനീസ് വ്യവസായി 55ാം വയസ്സില്‍ സ്വന്തം കമ്പനിയായ അലിബാബയില്‍ നിന്ന് പടിയിറങ്ങുന്നു. ജന്മദിനത്തിലായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. അലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന മുന്‍നിര കമ്പനിയെ ഇനി നയിക്കുക ധനകാര്യ വിദഗ്ധനായ ഡാനിയല്‍ ഷാങ് ആയിരിക്കും. ലോകം ആശ്ചര്യത്തോടെ കണ്ട എക്കാലത്തേയും വലിയ സമ്പത്തുല്‍പ്പാദനമാണ് ജാക്ക് മാ 20 വര്‍ഷം കൊണ്ട് അലിബാബയിലൂടെ സാധ്യമാക്കിയത്. 1999ല്‍ മാ തന്റെ അപാര്‍ട്ട്‌മെന്റ് മുറിയില്‍ ആരംഭിച്ച അലിബാബ ചൈനയിലെ ഏറ്റവും വലിയ കമ്പനിയാണിന്ന്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരിക്കെ തന്നെ 2016ല്‍ ജാക്ക് മാ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി മാറി. ഇപ്പോള്‍ റിലയന്‍സ് മേധാവി മുകേഷ് അംബാനിക്കു പിന്നില്‍ രണ്ടാമനാണ് ജാക്ക് മാ. സേവന മേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനാണ് നേരത്തെയുള്ള ഈ വിരമിക്കല്‍.