'നേതാവാകാന്‍ കലക്ടറുടെ കോളറില്‍ പിടിച്ചാല്‍ മതി'; കുട്ടികള്‍ക്ക് മന്ത്രിയുടെ ഉപദേശം

റായ്പൂര്‍- എങ്ങിനെ വലിയ നേതാക്കളാകാം എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് ഛത്തീസ്ഗഢ് മന്ത്രി കവാസി ലഖ്മ നല്‍കിയ അസാധാരണ മറുപടി വിവാദമായി. വലിയെ രാഷ്ട്രീയ നേതാവാകന്‍ എസ്പിയുടെയോ കലക്ടറുടെയോ കോളറില്‍ കയറി പിടിച്ചാല്‍ മതിയെന്ന് ഒരു കുട്ടിയെ ഉപദേശിച്ചതായി മന്ത്രി പറയുന്ന ഒരു വിഡിയോ പുറത്തു വന്നതാണ് കവാസിക്ക് വിനയായത്. അഞ്ചു ദിവസം മുമ്പ് സുക്മയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ നടന്ന പരിപാടിക്കിടെയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. യുനിഫോമിട്ട വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്ന് മന്ത്രി സംസാരിക്കുന്ന വിഡിയോയും പ്രചരിക്കുന്നുണ്ട്.

സംഭവം വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന മറുപടിയുമായി മന്ത്രി കവാസി രംഗത്തെത്തി. കലക്ടറുടെ കോളറില്‍ പിടിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും നേതാവാകാന്‍ നന്നായി പഠിക്കുകയും പൊതുജനങ്ങള്‍ക്കു വേണ്ടി തെരുവിലിറങ്ങി പൊരുതണമെന്നുമാണ് ഉപദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പിനിടെ വോട്ടിങ് മെഷീനിലെ ആദ്യ ബട്ടനല്ലാത്തവയില്‍ അമര്‍ത്തിയാല്‍ ഷോക്കടിക്കുമെന്ന് വോട്ടര്‍മാരോട് പറഞ്ഞ് കവാസി വിവാദമുണ്ടാക്കിയിരുന്നു.

Latest News