ന്യൂദല്‍ഹി- പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ കാരണം ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടാന്‍ ശ്രമിക്കുകയാണെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി മുന്‍ എംഎല്‍എ ബല്‍ദേവ് കുമാര്‍. ഖൈബര്‍ പഖ്തുഖ്വ പ്രവിശ്യാ നിയമസഭയില്‍ ബാരികോട്ട് സംവരണ മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎല്‍എ ആയിരുന്നു 43കാരനായ ബല്‍ദേവ്. ഇപ്പോള്‍ മൂന്ന് മാസത്തെ സന്ദര്‍ശന വീസയില്‍ ഇന്ത്യയിലാണുള്ളത്. ഇന്ത്യയിലെത്തുന്നതിനു മുമ്പ് തന്നെ ബല്‍ദേവ് ഭാര്യയേയും രണ്ടു മക്കളേയും ലുധിയാനയിലെ ബന്ധുക്കളുടെ അടുത്തേക്ക് അയച്ചിരുന്നു. കുടുംബം ഇപ്പോള്‍ ലുധിയാനയില്‍ വാടക വീട്ടിലാണ് കഴിയുന്നത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നതു കാരണം പാക്കിസ്ഥാന്‍ വിടാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു തങ്ങളെന്ന് അദ്ദേഹം പറയുന്നു. ഇനി തിരിച്ചു പാക്കിസ്ഥാനിലേക്ക് ഇല്ലെന്നും കുടുംബത്തിന്റെ സുരക്ഷ ഭയന്ന് ഇന്ത്യയില്‍ ഔദ്യോഗികമായി രാഷ്ട്രീയ അഭയം തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ആളുകളെ സംരക്ഷിക്കുന്നതില്‍ പോലും ഇംറാന്‍ ഖാന്‍ പരാജയമാണെന്നും അദ്ദേഹം പാക് സൈന്യത്തിന്റേയും ഐഎസ്‌ഐയുടേയും ആജ്ഞക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ബല്‍ദേവ് ആരോപിച്ചു. ഇംറാന്‍ ഖാന്‍ അധികാരത്തിലെത്തിയപ്പോള്‍ ന്യൂനപക്ഷങ്ങള്‍ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ അദ്ദേഹം പരാജയപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡി തനിക്ക് ഇന്ത്യയില്‍ രാഷ്ട്രീയ അഭയം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ബല്‍ദേവ് പറഞ്ഞു.