ന്യൂദല്‍ഹി- രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസില്‍ ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവും ആക്ടിവിസ്റ്റുമായ ഷെഹ്ല റാഷിദിനെ അറസ്റ്റ് ചെയ്യുന്നത് ദല്‍ഹി കോടതി തടഞ്ഞു. ദല്‍ഹി പാട്യാല ഹൌസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്. രാജ്യദ്രോഹ കുറ്റം ചുമത്തി ദല്‍ഹി പോലീസാണ് ഷെഹ്ല റാഷിദിനെതിരെ കേസെടുത്തിരുന്നത്.
കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് നിരീക്ഷിച്ചാണ് അഡിഷണല്‍ സെഷന്‍സ് ജഡ്ജി പവന് കുമാര്‍ ജെയിന് ഇടക്കാല ഉത്തരവ് ഇറക്കിയത്. അന്വേഷണവുമായി സഹകരിക്കണമെന്ന് ഷെഹ്ലയോട് കോടതി ആവശ്യപ്പെട്ടു.
ജമ്മു കശ്മീരില്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന ഷെഹ്ല റാഷിദിന്റെ ട്വീറ്റുകളുടെ പേരിലാണ് കേസെടുത്തിരുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന അനുഛേദം 370 റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടെയായിരുന്നു വിവാദ ട്വീറ്റുകള്‍. കശ്മീരില്‍ സൈന്യം ബി.ജെ.പിയുടെ അജണ്ട നടപ്പാക്കുകയാണെന്നും ഷെഹ്ല ആരോപിച്ചിരുന്നു. സൈന്യം ആരോപണം തള്ളിയപ്പോള്‍ തെളിവു നല്‍കാമെന്നും ഷെഹ് ല റാഷിദ് വ്യക്തമാക്കിയിരുന്നു. 124എ, 153എ, 153, 504, 505 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഷെഹ്ലക്കെതിരെ കേസെടുത്തത്.