ന്യൂദല്‍ഹി- പാക്കിസ്ഥാനി ഭീകരരില്‍നിന്ന് കശ്മീരികളുടെ ജീവന് രക്ഷിക്കാന്‍ അനിവാര്യമായതിനാലാണ് ജമ്മു കശ്മീരില്‍ ആശയവിനിമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ദേശീയ സുരക്ഷാ ഉപദഷേടാവ് (എന്‍.എസ്.എ) അജിത് ഡോവല്‍ അവകാശപ്പെട്ടു. നിലവില്‍ 92.5 ശതമാനം പ്രദേശത്തുനിന്നും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതായി അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ 199 പോലീസ് സ്റ്റേഷന് പരിധിയില്‍ പത്തിടത്ത് മാത്രമേ നിലവില്‍ നിരോധനാജ്ഞയുള്ളൂ. മറ്റു സ്ഥലങ്ങളില്‍ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലെന്നും ലാന്‍ഡ് ലൈനുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അജിത് ഡോവല്‍ അവകാശപ്പെട്ടു.
അസ്വസ്ഥത വിതയ്ക്കുന്നതിന് പാക്കിസ്ഥാന്റെ പക്കല്‍ ഭീകരത മാത്രമേയുള്ളൂവെന്നും അതുകൊണ്ടാണ് കശ്മീരികളുടെ ജീവന് രക്ഷിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ദല്‍ഹിയില്‍ അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.
പാക്കിസ്ഥാനില്‍നിന്നുള്ള ഭീകരാക്രമണ ഭീഷണികള്‍ക്ക് തെളിവകളുണ്ടെന്നും അതിര്‍ത്തിയില്‍നിന്ന് 20 കി.മീ ചുറ്റളവില്‍ മൊബൈല്‍ ടവറുകളില്‍നിന്ന് സന്ദേശങ്ങള്‍ പിടിച്ചെടുത്തതായും അജിത് ഡോവല്‍ അവകാശപ്പെട്ടു. എന്തു കൊണ്ട് ആപ്പിള്‍ ട്രക്കുകള്‍ സുരക്ഷിതമായി നീങ്ങുന്നു, എന്തു കൊണ്ട് തടയുന്നില്ല, നിങ്ങള്‍ക്ക് വളകള്‍ അയക്കണോ തുടങ്ങിയ സന്ദേശങ്ങളാണ് പിടിച്ചത്.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും എല്ലാ നിയന്ത്രണങ്ങളും നീക്കാന്‍ തന്നെയാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന് എങ്ങനെ പെരുമാറുന്നുവെന്ന് നോക്കി അവശേഷിക്കുന്ന നിയന്ത്രണങ്ങള്‍ കൂടി നിക്കും. പാക്കിസ്ഥാന് സ്വന്തം ടവറുകളില്‍നിന്ന് സന്ദേശങ്ങള്‍ അയക്കുന്നത് അവസാനിപ്പിക്കുന്നതോടെ എല്ല നിയന്ത്രണങ്ങളും നീക്കുമെന്ന് അജിത് ഡോവല്‍ പറഞ്ഞു.
കശ്മീര്‍ ജനസംഖ്യയുടെ ഭൂരിഭാഗവും പ്രത്യേക പദവി നല്‍കിയിരുന്ന അനുഛേദം 370 നീക്കിയതിനോട് യോജിക്കുന്നവരാണെന്ന് ഡോവല്‍ അവകാശപ്പെട്ടു.