ബംഗളൂരു- ബിജെപി നേതാക്കള്‍ക്ക് താക്കീതുമായി കര്‍ണാടക അദ്ധ്യക്ഷന്‍ നളീന്‍കുമാര്‍ കട്ടീല്‍.
സംസ്ഥാന കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ യാതൊരു പ്രതികരണവും നടത്തരുതെന്നും വിഷയത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നും കര്‍ണാടകത്തിലെ ബിജെപി നേതാക്കളോട് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ നളീന്‍കുമാര്‍ കട്ടീല്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തെ അഭിസംബോധന ചെയ്യവേ ആണ് അദ്ദേഹം ഇപ്രകാരം പരാമര്‍ശിച്ചത്.
'ശിവകുമാറിനെതിരെ ചില ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളെ ഉപയോഗിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ പ്രസ്താവനകളില്‍ നിന്ന് പി•ാറണം', നളീന്‍കുമാര്‍ കട്ടീല്‍ പറഞ്ഞു.
അതേസമയം, ഡി.കെ. ശിവകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപി നേതൃത്വം അല്‍പ്പം ആശങ്കയിലാണ്. കാരണം മറ്റൊന്നുമല്ല, ശിവകുമാറിന്റെ അറസ്റ്റിനെ ഉപയോഗപ്പെടുത്തി കോണ്‍ഗ്രസും ജനതാദളും സംസ്ഥാനത്തെ വൊക്കലിംഗ സമുദായത്തെ തങ്ങളുടെ പക്ഷത്താക്കുമോ എന്നതാണ് ബിജെപിയെ ഭയപ്പെടുത്തുന്നത്. ബിജെപിയെ വൊക്കലിംഗ വിരുദ്ധ പാര്‍ട്ടിയായി മുദ്ര കുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് ഇപ്പോള്‍ ബിജെപി ഭയപ്പെടുന്നത്.
കൂടാതെ, പ്രതിപക്ഷ ആരോപണത്തെ വിലക്കെടുത്താല്‍ പഴയ മൈസൂര്‍ മേഖലയില്‍ ബിജെപിയുടെ വളര്‍ച്ചക്ക് വലിയ തടസ്സം സൃഷ്ടിക്കുമെന്ന് സംസ്ഥാന നേതാക്കള്‍ക്ക് അറിയാം. അറസ്റ്റിനെ ചൊല്ലി സംസ്ഥാനത്തെ ബിജെപിക്കുള്ളില്‍ത്തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞു.
വൊക്കലിംഗ സമുദായക്കാരനാണ് ഡി.കെ. ശിവകുമാര്‍. കൂടാതെ, കോണ്‍ഗ്രസും ജനതാദളും വൊക്കലിംഗ രോഷത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ശിവകുമാറിനെ ബിജെപി കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്തു എന്നാണ് ഇരു പാര്‍ട്ടികളും പ്രചരിപ്പിക്കുന്നത്.