ദുൽഖർ സൽമാൻ നായകനാവുന്ന പുതിയ ചിത്രമാണ് കുറുപ്പ്. കഴിഞ്ഞ ദിവസം പാലക്കാട്ട് പൂജ നടന്ന കുറുപ്പിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. കേരളത്തിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥയാണിതെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.
ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പും സംവിധാനം ചെയ്യുന്നത്. വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെ നിർമിക്കുന്ന ചിത്രത്തിൽ ദുൽഖറിന് പുറമെ, ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും അഭിനയിക്കുന്നു. സംഗീതം സുഷിൻ ശ്യാം, ക്യാമറ നിമിഷ് രവി. ദേശീയ പുരസ്‌കാര ജേതാവ് വിനേഷ് ബംഗ്ലാനാണ് കലാസംവിധാനം.
മൂന്നര പതിറ്റാണ്ടായി കേരള പോലീസ് അന്വേഷിക്കുന്ന കൊലക്കേസ് പ്രതിയാണ് ആലപ്പുഴ മാവേലിക്കര സ്വദേശിയായ സുകുമാരക്കുറുപ്പ്. 1984 ൽ ജനുവരി 22 ന് ഫിലിം റപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി. സംഭവ ശേഷം ഒളിവിൽ പോയ കുറുപ്പിനെക്കുറിച്ച് പല കഥകളും പ്രചരിച്ചിരുന്നു. പക്ഷേ ഇതുവരെ അയാളെ പിടികൂടാൻ പോലീസിനായിട്ടില്ല.
അബുദാബിയിൽ ഒരു കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന സുകുമാരക്കുറുപ്പ് താൻ മരിച്ചെന്ന് കാണിച്ച് കമ്പനിയിൽനിന്ന് വൻതുക തട്ടാൻ നടത്തിയ ഗൂഢനീക്കമാണ് ചാക്കോ വധക്കേസിൽ കലാശിച്ചത്. മരിച്ചെന്ന് വരുത്താൻ തെളിവ് ആവശ്യമായിരുന്നു. ഇതിനായി ചില ബന്ധുക്കൾക്കൊപ്പം ഗൂഢാലോചന നടത്തിയ സുകുമാരക്കുറുപ്പ്, റോഡരികിൽ വാഹനം കാത്തുനിന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് തന്റെ കാറിൽ കയറ്റുകയും പിന്നീട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിൽ വെച്ച് കത്തിക്കുകയുമായിരുന്നു.
കാറപകടത്തിൽ കുറുപ്പ് മരിച്ചുവെന്ന് വരുത്താനായിരുന്നു ശ്രമം. എന്നാൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് കുറുപ്പല്ല, ചാക്കോ ആണെന്ന് തെളിഞ്ഞു. കൂട്ടുപ്രതികളെയെല്ലാം പോലീസ് പിടികൂടിയെങ്കിലും ഒളിവിൽ പോയ സുകുമാരക്കുറുപ്പിനെ മാത്രം പിടിക്കാൻ ഇതുവരെ കഴിഞ്ഞില്ല. ഈ കേസുമായി ബന്ധപ്പെട്ട് അക്കാലത്തു തന്നെ സിനിമ ഇറങ്ങിയിരുന്നു. എൻ.എച്ച് 47 എന്ന സിനിമയിൽ ടി.ജി രവി ആയിരുന്നു സുകുമാരക്കുറുപ്പിന്റെ വേഷം ചെയ്തത്.