കളിക്കൂട്ടുകാരായിരുന്നു അമ്പിളിയും ടീനയും. ഒന്നിച്ച് സ്‌കൂളിൽ പോയി കളിച്ചുല്ലസിച്ച് കഴിഞ്ഞവർ. വളർന്നപ്പോൾ ടീന നഴ്‌സായി ദൽഹിയിലേയ്ക്കു കൂടുമാറി. അമ്പിളിയാകട്ടെ, കുട്ടിക്കളി മാറാത്ത പ്രകൃതവുമായി കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിച്ചും ചങ്ങാത്തം കൂടിയും നടന്നു. നാട്ടുകാരും വീട്ടുകാരുമെല്ലാം അവനെ കാര്യസാധ്യത്തിനു വേണ്ടി ഉപയോഗിച്ചപ്പോൾ ടീന മാത്രം അവനെ സ്‌നേഹിച്ചു. ആ കലർപ്പില്ലാത്ത സ്‌നേഹത്തിനു മുന്നിൽ അമ്പിളിയും തോറ്റുകൊടുത്തു. പലരും അവനെ പറ്റിക്കുകയായിരുന്നു. കടക്കാരും പാൽക്കാരനുമെല്ലാം അവനെ ചൂഷണം ചെയ്തു ജീവിച്ചു. എങ്കിലും നാട്ടിലെ ഏതു കാര്യത്തിനും അമ്പിളി മുൻപന്തിയിലുണ്ടായിരുന്നു. ദൽഹിയിലായിട്ടും ടീന അവന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെട്ടിരുന്നു. വീഡിയോ ചാറ്റിംഗിലൂടെ ഓരോ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി നേർവഴിക്ക് നടത്തി. ലോക സൈക്ലിംഗ് ചാമ്പ്യനായ സഹോദരൻ ബോബിയോടൊപ്പം യാത്ര തിരിച്ച അമ്പിളി ഒടുവിൽ ടീനയുടെ അഭ്യർത്ഥന മാനിച്ച് തിരിച്ചുപോരാൻ ഒരുങ്ങിയെങ്കിലും പിന്നീട് ആ യാത്ര തുടരുകയാണ്.
ഗപ്പിക്കു ശേഷം ജോൺ പോൾ ജോർജ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന അമ്പിളിയിൽ ടീനയായി തൻവി റാമും അമ്പിളിയായി സൗബിൻ ഷാഹിറുമാണ് ഒന്നിക്കുന്നത്. നസ്രിയ നസീമിന്റെ സഹോദരൻ നവീൻ നസീം ടീനയുടെ സഹോദരനായ ബോബിയായും അഭിനയിക്കുന്നു.
മാതാപിതാക്കൾ കണ്ണൂരുകാരാണെങ്കിലും തൻവിറാം ജനിച്ചതും വളർന്നതുമെല്ലാം ബംഗളൂരുവിലായിരുന്നു. കുട്ടിക്കാലം തൊട്ടേ സിനിമാഭിനയം സ്വപ്നം കണ്ടുനടന്ന പെൺകുട്ടി. 2012 ൽ കൊല്ലത്തു നടന്ന മിസ് കേരള മത്സരത്തിൽ ഫൈനലിസ്റ്റായ തൻവി, മിസ് വിവേഷ്യസ് സബ് ടൈറ്റിലിന് അർഹയായിരുന്നു. തുടർന്നായിരുന്നു അഭിനയ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. ചില പരസ്യ ചിത്രങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചു തുടങ്ങിയ തൻവിയുടെ ഒരു ഫോട്ടോ അമ്പിളിയുടെ അസോസിയേറ്റ് ഡയറക്ടറായ ശ്രീജിത്ത്, സംവിധായകൻ ജോൺ പോൾ ജോർജിനെ കാണിച്ചതോടെയാണ് തലവര മാറിയത്. അക്കഥ തൻവി തന്നെ പറയുന്നു.
തുടക്കം?
ശ്രീജിത്തേട്ടൻ നൽകിയ ഫോട്ടോ കണ്ട് ജോൺ പോൾ സാർ വിളിക്കുകയായിരുന്നു. അമ്പിളിയിലേയ്ക്ക് നായികയെ തേടുന്ന സമയമായിരുന്നു. സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. സ്വപ്നം നമ്മെ തേടിയെത്തുകയാണോ എന്നു തോന്നി. എറണാകുളത്തു വെച്ചായിരുന്നു ഒഡീഷൻ. അമ്മയോടൊപ്പമായിരുന്നു ഒഡീഷനിൽ പങ്കെടുത്തത്. സിനിമാഭിനയത്തോട് അച്ഛന് താൽപര്യമില്ലായിരുന്നു. അതിനാൽ അച്ഛനറിയാതെയായിരുന്നു ഒഡീഷനെത്തിയത്. എങ്കിലും ഞാൻ സിനിമാഭിനയത്തിൽ തൽപരയാണെന്ന് അച്ഛനറിയാമായിരുന്നു. ഒഡീഷനിലൂടെ സെലക്ഷൻ ലഭിച്ചപ്പോൾ അക്കാര്യം അച്ഛനെ അറിയിച്ചു. നല്ലൊരു ചാൻസ് കിട്ടിയപ്പോൾ അച്ഛനും സമ്മതം മൂളുകയായിരുന്നു.
സുരക്ഷിതമായ ജോലി ഉപേക്ഷിച്ചാണ് സിനിമയിലെത്തിയത്?
ചെറുപ്പം തൊട്ടേ സിനിമയിൽ അഭിനയിക്കണമെന്ന മോഹമുണ്ടായിരുന്നു. ബിസിനസ് മാനേജ്‌മെന്റ് പഠനം കഴിഞ്ഞ് ഏഴു വർഷത്തോളം ബംഗളൂരുവിലെ ഒരു പ്രമുഖ ബാങ്കിൽ ജോലി ചെയ്തു. ഇതിനിടയിൽ നൃത്തത്തിലും മോഡലിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ചു. കൂടാതെ മിസ് കേരള മത്സരത്തിലെ അവസാന ഘട്ടം വരെയെത്തി. ഇതെല്ലാം സിനിമയിലേയ്ക്കുള്ള വഴികളായിരുന്നു. ഇത്രയും കാലത്തെ പ്രവൃത്തി പരിചയത്തിന്റെ ബലത്തിൽ തിരിച്ചുചെന്നാലും ജോലി ലഭിക്കും. എന്നാൽ സിനിമയിൽ നല്ലൊരു ടീമിനൊപ്പം അവസരം ലഭിക്കുക എന്നത് സാധ്യമല്ല. അതുകൊണ്ടാണ് ജോലി ഉപേക്ഷിച്ച് സിനിമയിലേയ്ക്ക് എടുത്തുചാടിയത്.
സൗബിന്റെ നായികയായപ്പോൾ?
അമ്പിളിയിലെ നായികയാണെന്ന് പറഞ്ഞെങ്കിലും സൗബിക്കയാണ് നായകനെന്ന് അറിയില്ലായിരുന്നു. ഷൂട്ടിംഗിന് രണ്ടാഴ്ച മുമ്പ് കട്ടപ്പനയിൽവെച്ച് രണ്ടാഴ്ചത്തെ വർക്ക് ഷോപ്പുണ്ടായിരുന്നു. നവീനും ഞാനുമടക്കമുള്ള പുതുമുഖങ്ങൾക്കു വേണ്ടിയായിരുന്നു അത്. അവിടെ വെച്ചാണ് സൗബിക്കയാണ് നായകനെന്ന് അറിയുന്നത്. അവിടത്തെ വർക്ക് ഷോപ്പ് കഴിയുമ്പോഴേയ്ക്കും ഞങ്ങളെല്ലാം നല്ല കമ്പനിയായി. അത് ഷൂട്ടിംഗിൽ ഒരുപാട് ഗുണം ചെയ്തു.
അമ്പിളിയുടെ മാനറിസം?
അമ്പിളിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. അമ്പിളിയുടെ സ്‌നേഹമാണ് പ്രധാനം. കൂടാതെ ഇതൊരു റോഡ് മൂവിയാണെന്നു പറയാം. ബോബിയോടൊപ്പം കശ്മീർ വരെ സൈക്കിളിൽ അമ്പിളിയും യാത്ര പോകുന്നുണ്ട്. കുട്ടികളുടേതു പോലെയാണ് പ്രകൃതമെങ്കിലും കാര്യങ്ങളെല്ലാം വ്യക്തമായി മനസ്സിലാക്കാൻ കഴിവുള്ളയാളാണ് അമ്പിളി. ബോബി അവനെ അടിക്കുമ്പോൾ തിരിച്ചടിക്കാത്തത് കഴിയാഞ്ഞിട്ടല്ല എന്നവൻ പറയുന്നുണ്ട്. ഒരിഷ്ടത്തിന്റെ പുറത്ത് അതെല്ലാം വിട്ടുകൊടുക്കുകയാണ്.
പൂജയുടെ അന്നാണ് സൗബിക്കയെ കാണുന്നത്. അന്നു തന്നെ ചിത്രീകരണവും തുടങ്ങി. അമ്പിളിയുടെ സംസാര ശൈലിയും നടത്തവുമൊക്കെ തന്നെയായിരുന്നു സൗബിക്ക സെറ്റിലും ചെയ്തിരുന്നത്.
ടീനയും തൻവിയും തമ്മിൽ സാമ്യം?
ടീനയും എന്നെപ്പോലെ ബോൾഡും കോൺഫിഡന്റുമാണ്. സീനുകൾ കുറവാണെങ്കിലും ശക്തമായ കഥാപാത്രമാണ് ടീന. ചിത്രീകരണത്തിനു മുമ്പു തന്നെ കഥ പൂർണമായും പറഞ്ഞു തന്നിരുന്നു. ചിത്രീകരണം തുടങ്ങി കുറച്ചു നാളുകൾ കഴിഞ്ഞായിരുന്നു എന്റെ ഊഴം. എങ്കിലും ആദ്യം തൊട്ടേ സെറ്റിലെത്തുമായിരുന്നു. മറ്റുള്ളവരുടെ അഭിനയം കാണാനും അവരുമായി കൂടുതൽ അടുക്കാനും ഇത് സഹായകമായി. ഓരോ സീൻ അവതരിപ്പിക്കുമ്പോഴും ഇതൊക്കെയാണ് പറയേണ്ടത്. ഇത്രയും ചെയ്താൽ മതി എന്നൊക്കെ ജോൺ സാർ പറയുമായിരുന്നു. കഥ നേരത്തെ പറഞ്ഞു തന്നിരുന്നതിനാൽ ടെൻഷനൊന്നുമില്ലാതെ ആ ഒഴുക്കിനൊത്ത് ചേർന്നുപോവുകയായിരുന്നു.
ആദ്യ സീൻ?
ദൽഹിയിൽനിന്നും നാട്ടിലെത്തി കാറിൽ നിന്നും ഇറങ്ങുന്നതായിരുന്നു ആദ്യ സീൻ. അച്ഛനായ പ്രകാശൻ അങ്കിളും അനിയനായ നവീനും അമ്മയായ നീനാകുറുപ്പുമെല്ലാം കൂടെയുണ്ടായിരുന്നു. വീട്ടിലെത്തി മുത്തശ്ശിയായ ശ്രീലതാ ആന്റിയെ കെട്ടിപ്പിടിക്കുകയാണ്. അതായിരുന്നു ആദ്യം ചിത്രീകരിച്ചത്. പിന്നീട് ഒരു പാട്ടു സീനിനായി ഗോവയിലെത്തി. സൗബിക്കയും ഞാനുമൊന്നിച്ച് കറങ്ങിനടക്കുന്ന സീനെല്ലാം അവിടെ െവച്ചാണ് ചിത്രീകരിച്ചത്. കട്ടപ്പനയിൽനിന്നെടുത്ത പല സീനുകളും യഥാർത്ഥ മഴയിൽ തന്നെയായിരുന്നു. അമ്പിളിയുടെ വീടെല്ലാം യഥാർത്ഥ വീടു തന്നെയായിരുന്നു. ഒന്നിനും സെറ്റിടേണ്ടിവന്നില്ല.
നവീനെക്കുറിച്ച്?
നസ്രിയയുടെ സഹോദരനാണ് നവീൻ. ബംഗളൂരുവിൽ ഇന്റേൺഷിപ്പ് ചെയ്യുകയാണ്. ഞങ്ങളൊന്നിച്ചുള്ള ഒരു ഫോട്ടോ ഷൂട്ടിനിടയിലാണ് പരിചയപ്പെടുന്നത്. നവീനും ആദ്യ ചിത്രത്തിന്റെ ത്രില്ലിലായിരുന്നു. ഞങ്ങൾ പെട്ടെന്ന് കമ്പനിയായി. ചിത്രത്തിൽ എന്റെ അനിയനായാണ് വേഷമിടുന്നത്. നാഷണൽ റോഡ് സൈക്ലിംഗ് ചാമ്പ്യനായ ബോബി എപ്പോഴും കരിയറിൽ ഉറച്ചുനിൽക്കുന്നയാളാണ്. ജനിച്ചുവളർന്ന കശ്മീരിലേയ്ക്ക് സൈക്കിളിൽ പോകണമെന്നാണ് അവന്റെ ആഗ്രഹം. അമ്പിളിയുടെ സ്‌നേഹം ബോബിയിൽ അസ്വസ്ഥതകളുണ്ടാക്കുന്നുണ്ടെങ്കിലും ഒടുവിൽ അത് തിരിച്ചറിയപ്പെടുന്നുണ്ട്.
കുടുംബ വിശേഷം?
താമസം ബംഗളൂരുവിലാണെങ്കിലും അച്ഛന്റെയും അമ്മയുടെയും നാട് കണ്ണൂരിലാണ്. അച്ഛൻ രാമചന്ദ്രൻ 40 വർഷത്തിലേറെയായി ബംഗളൂരുവിലാണ്. മ്യൂസിക് ബിസിനസും കേരള ഹാന്റിക്രാഫ്റ്റ് ഷോറൂമും നടത്തുന്നു. അമ്മ ജയശ്രീ റാം വീട്ടമ്മയാണ്. മ്യൂസിക് അക്കാദമി നടത്തുന്ന സംഗീത് ആണ് ചേട്ടൻ.
പുതിയ ചിത്രങ്ങൾ?
ഒരു നല്ല ചിത്രത്തിന്റെ ഭാഗമാകുക എന്നതായിരുന്നു ലക്ഷ്യം. അമ്പിളിയിലൂടെ ആ ലക്ഷ്യം നിറവേറി. ഒരുപാട് സിനിമകൾ ചെയ്യാൻ ആഗ്രഹമില്ല. മനസ്സിനിണങ്ങിയ നല്ല കുറച്ച് കഥാപാത്രങ്ങൾ. അത്തരം സിനിമകളൊന്നും വന്നിട്ടില്ല. അതിനായി കാത്തിരിക്കുകയാണ്.